കള്ളപ്പണ വെളുപ്പിക്കല്‍ കേസുകളില്‍ ഇഡി സമന്‍സ് അയച്ചാല്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് സുപ്രീം കോടതി. കള്ളപ്പണ വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലാ കളക്ടര്‍മാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നല്‍കിയ സമന്‍സുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുപ്രീം കോടതിയുടെ വിധി.
അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകാന്‍ തമിഴ്നാട്ടിലെ അഞ്ച് ജില്ലാ കളക്ടര്‍മാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അഞ്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് ഇളവ് അനുവദിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. തമിഴ്‌നാട് സര്‍ക്കാര്‍ ഇഡി നടപടിക്കെതിരെ റിട്ട് ഹര്‍ജി നല്‍കിയിരുന്നു.
നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇഡിയെ സഹായിക്കണമെന്ന് ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വെല്ലൂര്‍, തിരുച്ചിറപ്പള്ളി, കരൂര്‍, തഞ്ചാവൂര്‍, അരിയല്ലൂര്‍ ജില്ലാ കളക്ടര്‍മാരെ ഇഡി വിളിപ്പിച്ചിരുന്നു. ഇഡി നല്‍കിയ സമന്‍സ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും കളക്ടര്‍മാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ സര്‍ക്കാരിന് അനുകൂലമായി ഹൈ കോടതി വിധി പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ അന്വേഷണ ഏജന്‍സി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.