Monday, November 25, 2024

മറയാക്കപ്പെടുന്ന അവയവ ദാനം; വി ജെ എബിന്റെ മരണം ഒരു മുന്നറിയിപ്പോ?

ഒരു മനുഷ്യന് ചിലവില്ലാതെ സമൂഹത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ പ്രവർത്തിയാണ് അവയവദാനം എന്നത്. ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെ പ്രവർത്തനം നിലയ്‌ക്കുന്നത് മൂലമുണ്ടാകുന്ന മരണങ്ങളെ തുടർന്നാണ് പ്രധാനമായും അവയവദാനം നടത്തുന്നത്. ഇത്തര സംഭവങ്ങൾ പ്രതിവർഷം വർധിച്ചുവരുന്നതായാണ് ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പറയുന്നത്. ‘അവയവദാനം മഹാദാനം’ എന്ന സന്ദേശം പ്രോൽസാഹിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ, കഴിഞ്ഞ ദിവസം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി നിരീക്ഷിച്ച ഒരു സംഭവം അതീവ ഗുരുതരമുള്ള വിഷയമാണ്. നന്മയുടെ സന്ദേശത്തിന്റെ മറവിൽ മസ്തിഷ്‌ക മരണങ്ങൾ സൃഷ്ടിക്കുന്ന അവയവദാന മാഫിയകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംഭവം ഇങ്ങനെ,

2009 നവംബർ 29 ന് ഇടുക്കി ഉടുമ്പൻചോല സ്വദേശിയായ 18 വയസ്സുകാരൻ വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാർ അറിയിക്കുകയും വിദേശിക്കു എബിന്റെ അവയവങ്ങൾ ദാനം ചെയ്യുകയുമായിരുന്നു.

ഇതേതുടർന്ന് സംഭവത്തിൽ ദുരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധികൃതർ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്തെന്നാണ് ഡോ. ഗണപതിയുടെ ആരോപണം. ഡോക്ടറുടെ ആരോപണത്തിനു പിന്നാലെ മഞ്ചേരി മെഡിക്കൽ കോളജിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെയും ഡോക്ടർമാരെയടക്കം കോടതി വിസ്തരിച്ചു. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി, ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും കൂടാതെ, യുവാവിന്റെ അവയവങ്ങൾ വിദേശിക്ക് ദാനം ചെയ്തതിൽ ചട്ടലംഘനമുണ്ടായെന്നും പ്രഥമദൃഷ്ട്യാ കോടതി കണ്ടെത്തുകയും, എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയുമായിരുന്നു.

എന്നാൽ മസ്തിഷ്‌കത്തിന് സ്ഥിരമായി കേട് സംഭവിക്കുന്ന തരത്തിലുള്ള ശക്തമായ മുറിവായിരുന്നു എബിന്റെതെന്നാണ് ലേക് ഷോർ ആശുപത്രിയുടെ വിശദീകരണം. കൃത്യമായ ചികിത്സ നൽകിയെന്നും society for organ retrieval and transplantation -ന്റെ നിർദേശങ്ങൾ പാലിച്ച്, കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തിയാണ് അവയവദാനം നടത്തിയെന്നും അധികൃതർ അവകാശപ്പെടുന്നു. അതേസമയം, അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടത്തുന്നതായി പരാതിക്കാരനായ ഡോ. ഗണപതി ആരോപിക്കുന്നു. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥരെ തുടർച്ചയായി മാറ്റുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡോ. ഗണപതി ആരോപണം ശരിയായ ദിശയിലാണു പോകുന്നതെങ്കിൽ അവയവദാനം എന്ന വലിയ നന്മയുടെ മറവിൽ നടക്കുന്ന അഴിമതികളും നിയമാനുസൃതമല്ലാത്ത പ്രവർത്തനങ്ങളും പുറത്തുകൊണ്ടുവരേണ്ടത് ആവശ്യമാണ്. ഇത്തരത്തിൽ അനേകം സംഭവങ്ങളിലേക്കുള്ള ഒരു ചൂണ്ടു പലകയായി മാറുമോ എബിൻ എന്ന ചെറുപ്പക്കാരന്റെ മരണം എന്നും കാത്തിരുന്നു കാണേണ്ടതുണ്ട്.

Latest News