മൂന്നര ലക്ഷത്തിലധികം ആളുകളെ പലായനത്തിനും കുട്ടികളെ ബലാൽസംഗത്തിനും ഇരകളാക്കി ഡി ആർ സി യിലെ സംഘർഷം ഗുരുതരമായ മാനുഷിക പ്രതിസന്ധികളിലേക്കു നീങ്ങുന്നു. ആളുകളുടെ പലായനത്തെക്കുറിച്ചും 12 വയസ്സ് പ്രായമുള്ള കുട്ടികൾ ബലാത്സംഗത്തിന് ഇരകളാക്കപ്പെടുകയും നിർബന്ധിതമായി സായുധസേനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ അഭയാർഥികൾക്കായുള്ള ഉന്നത സമിതിയായ യു എൻ എച്ച് സി ആറിന്റെയും യൂണിസെഫിന്റെയും റിപ്പോർട്ടുകൾ വ്യക്തമാക്കി.
“സായുധസംഘങ്ങളാൽ പിടിച്ചെടുക്കപ്പെട്ട കോംഗോയിലെ ഏറ്റവും വലിയ നഗരമായ ഗോമയിലെ ഏകദേശം 70% ക്യാമ്പുകളും നശിപ്പിക്കപ്പെട്ടു. മറ്റുള്ളവയ്ക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. വീടുകളിലേക്കു പോകുന്നത് സുരക്ഷിതമല്ലാത്തതിനാൽ ലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ ദൈവാലയങ്ങളിലും ആശുപത്രികളിലും ഉൾപ്പെടെ താൽക്കാലിക താമസസ്ഥലങ്ങളിലാണ് വസിക്കുന്നത്” – യു എൻ എച്ച് സി ആർ വിശദീകരിച്ചു. കോംഗോയിൽ കുട്ടികൾക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ഭയാനകമായ റിപ്പോർട്ടുകൾ ലഭ്യമാകുന്നുണ്ടെന്നും ബലാത്സംഗവും മറ്റുതരത്തിലുള്ള ലൈംഗികാതിക്രമങ്ങളും സമീപവർഷങ്ങളെക്കാൾ കൂടുതലായി രേഖപ്പെടുത്തപ്പെടുന്നുണ്ടെന്ന് യൂണിസെഫ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു.