മണിപ്പൂരിലെ ആദിവാസി ഇതര വിഭാഗമായ മെയ്തേയ് സമുദായവുമായി ബന്ധപ്പെട്ട വിവാദ കോടതി വിധിക്കു പിന്നാലെ നടത്തിയ മാർച്ചിൽ സംഘർഷം. ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ (ATSUM) ആഹ്വാനം ചെയ്ത ‘ആദിവാസി ഐക്യദാർഢ്യ മാർച്ചിൽ’ ആണ് സംഘർഷം ഉണ്ടായത്. സംഭവത്തിനു പിന്നാലെ സംസ്ഥാനത്തുടനീളം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തി വച്ചു.
മണിപ്പൂരിലെ മെയ്തേയ് ആദിവാസി വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മണിപ്പൂരിലെ ദുരിതബാധിത ജില്ലകളിൽ 144 പ്രകാരം കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് താൽക്കാലികമായി വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ഇതു കൂടാതെ സൈന്യത്തെയും അസം റൈഫിൾ ഉദ്യോഗസ്ഥരെയും വിവിധ ഇടങ്ങളിൽ വിന്യസിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
“ഇതുവരെ, 4,000 പേരെ അക്രമ ബാധിത പ്രദേശങ്ങളിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തി. കൂടുതൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്,” ഒരു ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബോക്സിംഗ് ചാമ്പ്യൻ മേരി കോം സഹായം ആവശ്യപ്പെട്ട് രംഗത്തെത്തി. തന്റെ സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണെന്നും സർക്കാരിൽ നിന്നും മാധ്യമ സ്ഥാപനങ്ങളിൽ നിന്നും സഹായം ആവശ്യമാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.