ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിക്കെ പാപുവ ന്യൂ ഗിനിയയില്‍ വീണ്ടും സംഘര്‍ഷം. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് സെപിക് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന അംഗോരം ജില്ലയിലെ താമര, തംബരി, അംഗ്രുമാര എന്നീ മൂന്ന് ഗ്രാമങ്ങളില്‍ നടന്ന ആക്രമണ പരമ്പരയില്‍ 16 കുട്ടികളടക്കം 26 പേര്‍ കൊല്ലപ്പെട്ടു.
പാപുവ ന്യൂ ഗിനിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നടന്നത് അതിദാരുണമായ ക്രൂരതകള്‍ ആണ്. കൊല്ലപ്പെടുന്നതിന് മുമ്പ് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും സെപിക് നദിയുടെ തീരത്ത് മുതലകള്‍ക്ക് ഭക്ഷണമാകാന്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. ലോക്കല്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ മാണ്ഡി പറയുന്നതനുസരിച്ച്, ‘ഐ ഡോണ്ട് കെയര്‍’ എന്ന ഒരു സംഘടനയില്‍പ്പെട്ട 30-ലധികം യുവാക്കളുടെ സംഘമാണ് വ്യത്യസ്ത സമയങ്ങളില്‍ അക്രമം നടത്തിയത്. സ്ത്രീകളെയും കുട്ടികളെയും ഏറ്റവും ദുര്‍ബലരായ വൃദ്ധരെയും ക്രൂരമായി ലക്ഷ്യം വച്ചുള്ളതായിരുന്നു ആക്രമണങ്ങള്‍.
ജൂലൈ 17 ന് ആരംഭിച്ച സംഘര്‍ഷങ്ങള്‍ ദിവസങ്ങളോളം നീണ്ടുനിന്നു. ആക്രമണങ്ങള്‍ നടന്ന ഗ്രാമങ്ങള്‍ ഒരു വിദൂര പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. റോഡ് മാര്‍ഗം ഇവിടെ എത്തിച്ചേരാന്‍ പ്രയാസമാണ്. സംഘര്‍ഷങ്ങള്‍ അവസാനിച്ച് രണ്ട് ദിവസം മുമ്പ് മാത്രമാണ് പ്രാദേശിക പോലീസ് പ്രദേശത്ത് എത്തിയത്. സെപിക് നദിക്കരയില്‍ സംഘത്തിനായുള്ള തിരച്ചില്‍ ഇപ്പോള്‍ നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയേക്കുമെന്ന ആശങ്കയുണ്ട്.
രക്ഷപ്പെട്ടവരില്‍ പലരും ചുറ്റുമുള്ള വനത്തിലേക്ക് പലായനം ചെയ്തു. പ്രദേശവാസിയായ ഒരാള്‍ പറയുന്നത് ഇപ്രകാരമാണ്, ‘എന്റെ ഗ്രാമത്തിലെ എല്ലാ വീടുകളും നിലംപരിശാക്കി. പ്രദേശവാസികള്‍ ഒന്നും എടുക്കാന്‍ പോലും സാധിക്കാതെ പലായനം ചെയ്തു. വെവാക്ക് രൂപതയിലെ കണ്ടുവാനം ഇടവക സ്ഥിതി ചെയ്യുന്ന പ്രദേശത്ത്, ഭൂമിയുടെ ഉടമസ്ഥാവകാശവും ചൂഷണവും സംബന്ധിച്ച തര്‍ക്കങ്ങളെച്ചൊല്ലി വര്‍ഷങ്ങളായി നാല് വ്യത്യസ്ത ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്ന് പ്രാദേശിക കാരിത്താസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇപ്പോള്‍ സഹായമോ അടിയന്തര സംവിധാനമോ ഇല്ലാതെ എല്ലാം നഷ്ടപ്പെട്ട് വനത്തില്‍ കഴിയുന്നവര്‍ നിരവധിയാണ്.