പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സ്ഥാനമൊഴിയുമെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കോണ്‍ഗ്രസ്. വാര്‍ത്ത തെറ്റാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. ബിജെപി ഭരിക്കുന്ന സാഹചര്യത്തില്‍ സാങ്കല്‍പ്പിക സ്രോതസ്സുകളില്‍ നിന്ന് പുറത്തുവരുന്ന ഇത്തരം ”തെളിവില്ലാത്ത പ്രചരണ കഥകള്‍” നല്‍കുന്നത് അന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബും യുപിയും ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാജിവയ്ക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇന്നത്തെ പ്രവര്‍ത്തക സമിതിയില്‍ ഇത് സംബന്ധിച്ച നിലപാട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് ഗുണം ആകുമെങ്കില്‍ രാജിക്ക് തയ്യാറെന്ന് സോണിയാഗാന്ധി വ്യക്തമാക്കിയതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ജി 23 വിമര്‍ശനം ശക്തമാക്കിയ സാഹചര്യത്തിലാണ് സോണിയ ഗാന്ധിയുടെ നിലപാട്.
അതേസമയം പാര്‍ട്ടിയില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട തിരുത്തല്‍ വാദി നേതാക്കള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിക്കും. പഞ്ചാബിലെ തോല്‍വി അടക്കം ചൂണ്ടിക്കാട്ടി സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രെട്ടറി കെ സി വേണുഗോപാലിനെതിരെയും നിലപാട് കടുപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം.