Tuesday, January 21, 2025

കോംഗോയിൽ 102 കൊള്ളക്കാർക്ക് വധശിക്ഷ നടപ്പാക്കി; 70 പേർ കൂടി കൊല്ലപ്പെടുമെന്ന് അധികൃതർ

കഴിഞ്ഞ ആഴ്ച ഏകദേശം 102 കൊള്ളക്കാരുടെ വധശിക്ഷ നടപ്പാക്കിയതായി വെളിപ്പെടുത്തി കോംഗോ സർക്കാർ. വരുംദിവസങ്ങളിൽ 70 പേരെ കൂടി വധിക്കുമെന്ന് രാജ്യത്തെ നീതിന്യായ മന്ത്രി ഞായറാഴ്ച അസോസിയേറ്റഡ് പ്രസ്സിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

വധശിക്ഷയ്ക്കു വിധേയരാക്കിയവർ 18 നും 35 നുമിടയിൽ പ്രായമുള്ള പുരുഷന്മാരും ആയുധധാരികളായ കവർച്ചക്കാരും പ്രാദേശികമായി കുലുനാസ് എന്നറിയപ്പെടുന്ന ‘നഗര കൊള്ളക്കാർ’ ആണെന്നും അവരെ വടക്കുപടിഞ്ഞാറൻ കോംഗോയിൽ ആൻഗെങ്ക ജയിലിൽവച്ച് വധിച്ചു എന്നും പ്രസ്താവനയിൽ പറയുന്നു. ഡിസംബർ അവസാനത്തോടെ 45 പേർ കൊല്ലപ്പെടുകയും ബാക്കി 57 പേരെ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ വധിക്കുകയും ചെയ്തു.

കിൻഷാസയിൽ നിന്ന് 70 പേരടങ്ങുന്ന വിമാനം കൂടി ആൻഗെങ്കയിൽ എത്തിയിട്ടുണ്ടെങ്കിലും തടവുകാരുടെ അവസ്ഥയെക്കുറിച്ച് സർക്കാർ പ്രതികരിച്ചിട്ടില്ല. “മൂന്നാമത്തെ ബാച്ച് ശിക്ഷ നടപ്പിലാക്കും. ആദ്യത്തെ രണ്ടുപേർ ഇതിനകം വധശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്” – വധശിക്ഷയുടെ മേൽനോട്ടം വഹിക്കുന്ന ജസ്റ്റിസ് മന്ത്രി മുതമ്പ ഞായറാഴ്ച വൈകിട്ട് പറഞ്ഞു.

“നഗരങ്ങളിലെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കുന്നതിനാൽ മന്ത്രിയുടെ ഈ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. രാത്രി എട്ട് മുതൽ, ഞങ്ങൾക്ക് സ്വതന്ത്രമായി ചുറ്റിക്കറങ്ങാൻ കഴിയില്ല. കാരണം ഞങ്ങൾക്ക് ഭയമാണ്” – കിഴക്കൻ നഗരമായ ഗോമയിലെ താമസക്കാരനായ ഫിസ്റ്റൺ കകുലെ പറഞ്ഞു.

മനുഷ്യാവകാശ പ്രവർത്തകനായ എസ്പോയിർ മുഹിനുക, നിയമവിരുദ്ധമായ വധശിക്ഷകളുടെ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ജുഡീഷ്യൽ നടപടിക്രമങ്ങളെയും അടിസ്ഥാന ഉറപ്പുകളെയും കർശനമായി മാനിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയസമ്മർദം അന്യായമായ ശിക്ഷാവിധികളിലേക്കും ഏകപക്ഷീയമായ വധശിക്ഷകളിലേക്കും നയിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു.

“ഡി. ആർ. സി. യിലെ സാഹചര്യം സങ്കീർണ്ണമാണ്. അതിന് ഒരു ബഹുമുഖ സമീപനം ആവശ്യമാണ്. നഗരസംഘങ്ങൾക്കെതിരായ പോരാട്ടം ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമൂഹിക ബഹിഷ്കരണം എന്നിവയ്‌ക്കെതിരായ ശ്രമങ്ങളുമായി കൈകോർക്കണം. അവ പലപ്പോഴും കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു” – അദ്ദേഹം പറഞ്ഞു.

കോംഗോയിലെ വധശിക്ഷ ഒരു സെൻസിറ്റീവ് പ്രശ്നമാണ്. 1981 ൽ രാജ്യം ഇത് നിർത്തലാക്കിയെങ്കിലും 2006 ൽ ഇത് പുനഃസ്ഥാപിച്ചു. അവസാന വധശിക്ഷ നടപ്പാക്കിയത് 2003 ലാണ്. എന്നാൽ 2024 മാർച്ചിൽ കോംഗോ സർക്കാർ വധശിക്ഷ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, പുനഃസ്ഥാപിച്ച വധശിക്ഷ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സൈനിക ഉദ്യോഗസ്ഥർക്ക് ബാധകമാക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു.

മെയ് മാസത്തിൽ, യുദ്ധക്കളത്തിൽനിന്ന് പലായനം ചെയ്തതിന് എട്ട് സൈനികർക്ക് വധശിക്ഷ വിധിക്കുകയും ജൂലൈയിൽ 25 സൈനികർ സമാനമായ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുകയും ചെയ്തു. അവരാരും വധിക്കപ്പെട്ടതായി അറിവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News