കിഴക്കൻ കോംഗോയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡിയും റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമെയും. ജനുവരിയിൽ എം 23 വിമതർ ആക്രമണം ശക്തമാക്കിയതിനുശേഷം, കഴിഞ്ഞ ദിവസം നടന്ന ആദ്യ കൂടിക്കാഴ്ചയിലാണ് തീരുമാനം. ദോഹയിൽ നടന്ന ചർച്ചയിൽ മധ്യസ്ഥത വഹിച്ച ഖത്തറിന്റെ അമീറുമായി ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് വെടിനിർത്തൽ ഉടനടി പ്രാവർത്തികമാക്കുമെന്ന് ഉറപ്പ് നൽകിയത്.
എന്നാൽ ഈ പ്രസ്താവനയിൽ കിഴക്കൻ കോംഗോയിലെ ഏറ്റവും വലിയ രണ്ടു നഗരങ്ങൾ ഉൾപ്പെടെ ഇപ്പോൾ നിയന്ത്രിക്കുന്ന എം 23 വിമതരെ ഇത് തടയുമോ എന്ന് വ്യക്തമല്ല. വിമതരെ പിന്തുണയ്ക്കാൻ റുവാണ്ട ആയുധങ്ങളും സൈന്യവും അയച്ചതായി കോംഗോ ആരോപിക്കുന്നുണ്ട്. കിഗാലിയോട് ശത്രുത പുലർത്തുന്ന കോംഗോയുടെ സൈന്യത്തിനും മിലിഷ്യകൾക്കുമെതിരെ സ്വയം പ്രതിരോധത്തിനായാണ് തങ്ങളുടെ സൈന്യം പ്രവർത്തിക്കുന്നതെന്ന് റുവാണ്ട പറഞ്ഞു.
അയൽരാജ്യങ്ങൾ വെടിനിർത്തൽ ചർച്ചകൾക്കു ശ്രമിച്ചിരുന്നുവെങ്കിലും അംഗോളയിൽ നടന്ന ഒരു യോഗത്തിൽ കോംഗോ സർക്കാരിനെയും എം 23 നേതാക്കളെയും ഒരുമിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിനിടെ എം 23 പിന്മാറിയതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു. ഇന്നലെ ഖത്തറിൽ നടന്ന യോഗത്തിൽ ഷിസെകെഡിയും കഗാമെയും ശാശ്വത സമാധാനത്തിനുള്ള ഉറച്ച അടിത്തറ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചു പറയുകയുണ്ടായി.
1994 ലെ റുവാണ്ടയിലെ വംശഹത്യയുടെയും ധാതുസമ്പത്തിനു വേണ്ടിയുള്ള മത്സരത്തിന്റെയും ഫലമായാണ് കിഴക്കൻ കോംഗോയിലെ സംഘർഷം ആരംഭിക്കുന്നത്. ജനുവരി മുതൽ ഇത് കൂടുതൽ രൂക്ഷമായതോടെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ വീടുകളിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.