ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. ഇനിയൊരു തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വിജയിച്ചാല്‍ രാജ്യത്ത് ഏകാധിപത്യം ഉണ്ടാകും. റഷ്യയില്‍ പുടിനെപ്പോലെ ബിജെപി ഇന്ത്യ ഭരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
‘ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന അവസരമായിരിക്കും ഇത്. ഇനിയൊരു തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ജയിച്ചാല്‍ രാജ്യത്ത് ഏകാധിപത്യ ഭരണമായിരിക്കും. റഷ്യയില്‍ പുടിനെപ്പോലെ ബിജെപി ഇന്ത്യ ഭരിക്കും’- പാര്‍ട്ടി റാലിയില്‍ സംസാരിക്കവെ ഖാര്‍ഗെ പറഞ്ഞു. ബിജെപി-ആര്‍എസ്എസ് ആശയങ്ങള്‍ വിഷമാണ്. അവരില്‍ നിന്നും അകന്നു നില്‍ക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും ഭയപ്പെടുത്തിയാണ് പ്രധാനമന്ത്രി മോദി ഇപ്പോഴത്തെ സര്‍ക്കാര്‍ നയിക്കുന്നത്. ഇഡിയെയും ആദായനികുതി വകുപ്പിനെയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ആയുധമാക്കി ബിജെപി മാറ്റി. ബിജെപി-ആര്‍എസ്എസ് ആശയങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണം. ഇവരുടെ ആശയങ്ങളെ എതിര്‍ത്താല്‍ ഭീഷണിയെത്തുടര്‍ന്ന് പാര്‍ട്ടിയും സൗഹൃദവും സഖ്യവും ഉപേക്ഷിക്കേണ്ടിവരുമെന്നും ഖാര്‍ഗെ പറഞ്ഞു.
ബിജെപിയെയും ആര്‍എസ്എസിനെയും എതിര്‍ക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധിക്ക് നിരന്തരം ഭീഷണിയുണ്ടെന്ന് ഖാര്‍ഗെ അവകാശപ്പെട്ടു. ‘രാഹുല്‍ ഗാന്ധി അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന അത്തരം ശക്തികള്‍ക്കെതിരെ പോരാടുന്നത് തുടരുകയാണ്. ഇന്നും മണിപ്പൂരില്‍ ആളുകള്‍ കൊല്ലപ്പെടുന്നു, സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു, നൂറുകണക്കിന് വീടുകളും കാറുകളും കത്തിക്കുന്നു. എവിടെ മോദി ജി, എവിടെ ബിജെപി?’- ഖാര്‍ഗെ ചോദിച്ചു.