Thursday, March 13, 2025

ചായയും മാനസിക ആരോ​ഗ്യവും തമ്മിൽ ബന്ധമുണ്ടോ?

ഒരു കപ്പ് ചൂട് ചായയിൽ ദിവസം തുടങ്ങുന്നവരാണ് നമ്മൾ. ഒരു ദിവസം ചായ ലഭിക്കാതെ വന്നാൽ അന്നത്തെ എല്ലാ ബാലൻസും തെറ്റുമെന്നാണ് ചായപ്രേമികളായ പലരും പറയാറുള്ളത്. അവർ ഇങ്ങനെ പറയാനും ഒരു കാരണമുണ്ട്. കാരണം ചായ നമ്മുടെ മാനസിക ആരോ​ഗ്യത്തിന്റെ തന്നെ ഭാ​ഗമാണ്. അതിനായി ഈ ആറു കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ.

1. മാനസികാരോഗ്യത്തിൽ ചായയുടെ സ്വാധീനം

തിരക്കേറിയ ഇന്നത്തെ കാലത്ത് നിരവധി സമ്മർദങ്ങളുടെയും  ഉത്കണ്ഠകളുടെയും നടുവിലൂടെയാണ് നാമെല്ലാവരും കടന്നുപോകുന്നത്. നൂറ്റാണ്ടുകളായി, സംസ്കാരങ്ങളിലുടനീളം വിലമതിക്കപ്പെടുന്ന ചായ ഇതിനെല്ലാമുള്ള ഒരു പരിഹാരമായി ആളുകൾ പരി​ഗണിക്കുന്നു. താൽകാല ആശ്വാസവും ഒപ്പം ഊഷ്മളതയും പ്രദാനം ചെയ്യുന്ന ചായയ്ക്കു പക്ഷേ, മാനസിക ആരോ​ഗ്യവുമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. ആധുനിക ഗവേഷണത്തിൽ ചായയുടെ ബയോആക്ടീവ് സംയുക്തങ്ങൾ തലച്ചോറുമായും ശരീരവുമായും എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നുണ്ട്.

2. ശാന്തതയുടെ രസതന്ത്രം

ചായ കുടിക്കുമ്പോൾ ലഭിക്കുന്ന മാനസികാരോ​ഗ്യ ​ഗുണങ്ങൾ ഒന്നിലധികമാണ്. അത് എൽ-തിയനൈൻ, കഫീൻ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവയുടെ സംയുക്തങ്ങളാണ്.

എൽ-തിയാനൈ: ചായകളിൽ പ്രധാനമായും കാണപ്പെടുന്ന ഒരു അമിനോ ആസിഡായ എൽ-തിയാനൈൻ മയക്കം ഉണ്ടാക്കാതെ വിശ്രമം നൽകുന്നു. ഒരാൾ ഉണർന്നിരിക്കുകയും എന്നാൽ ചായ കുടിക്കുന്നതിലൂടെ വിശ്രമം ലഭിക്കുകയും ചെയ്യുന്നു. ഒരു കപ്പ് ചായ ശാന്തത അനുഭവിക്കാനും എന്നാൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നുവെന്ന് പലരും പറയുന്നതിന്റെ കാരണം ഇതാണ്.

സാധാരണയായി കാപ്പിയുമായി ബന്ധപ്പെട്ടിരിക്കുന്ന കഫീൻ കുറഞ്ഞ അളവിൽ ചായയിലും കാണപ്പെടുന്നു. കഫീന്റെ ഈ കുറഞ്ഞ അളവ് ജാഗ്രതയും ഏകാഗ്രതയും വർധിപ്പിക്കും. അതേസമയം എൽ-തിനൈൻ അതിന്റെ ഫലങ്ങൾ സന്തുലിതമാക്കാനും സഹായിക്കുന്നു. ഇതുവഴി ഉയർന്ന കഫീൻ ഉപഭോഗവുമായി ബന്ധപ്പെട്ട അസ്വസ്ഥത കുറയുന്നു.

ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് ഫ്ലേവനോയ്ഡുകൾ, കാറ്റെച്ചിനുകൾ എന്നിവ ഓക്‌സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുമെന്ന് പറയപ്പെടുന്നു. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഓക്‌സിഡേറ്റീവ് സമ്മർദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ്. തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിലൂടെ ഈ ആന്റിഓക്‌സിഡന്റുകൾ മൊത്തത്തിലുള്ള വൈകാരിക പ്രതിരോധശേഷി മികച്ചതാകുന്നു.

3. മനസ്സ് നിറയ്ക്കുന്നു

ചായ ദൈനംദിന ജീവിതത്തിൽ പ്രത്യക ശ്രദ്ധ നേടിയിട്ടുണ്ട്. ചായ ഉണ്ടാക്കുന്നതു മുതൽ കുടിക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും ചായപ്രേമികൾ ആസ്വദിച്ചാണ് ചെയ്യുന്നത്. ഇത് ചിലപ്പോഴെങ്കിലും എല്ലാം ശാന്തമായി ചെയ്യാൻ പ്രേരിപ്പിക്കുകയും അതിലൂടെ മനസ്സിന് ശാന്തത നൽകുകയും ചെയ്യുന്നു. ചായ ഇന്ദ്രിയങ്ങളെ ആകർഷിക്കുകയും മികച്ച ഒരു അനുഭവം നൽകുകയും ചെയ്യുന്നു.

4. ചായയും വൈജ്ഞാനിക പ്രവർത്തനവും 

2019 ൽ ഏജിംഗ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കണ്ടെത്തിയത്, പതിവായി ചായ കുടിക്കുന്നവരുടെ തലച്ചോറിന്റെ ഭാഗങ്ങൾ മെച്ചപ്പെട്ട രീതിയിൽ ക്രമീകരിച്ചിരിക്കുന്നതായാണ്. ഇത് ആരോഗ്യകരമായ വൈജ്ഞാനിക പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. ഇതിലൂടെ സൂചിപ്പിക്കുന്നത് ചായയുടെ ഉപയോ​ഗം കാലക്രമേണ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിച്ചേക്കാം എന്നാണ്.

5. പലതരത്തിലുള്ള ചായയും അവയുടെ ഗുണങ്ങളും

ചായകൾ തന്നെ പലതരത്തിലുണ്ട്. അവയിൽ ഓരോന്നിന്നും പലതരത്തിലുള്ള ​ഗുണങ്ങളും ഉണ്ട്.

ഗ്രീൻ ടീ: ഉത്കണ്ഠ കുറയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്ന കാര്യങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

കട്ടൻചായ: മിതമായ കഫീൻ അടങ്ങിയിരിക്കുന്നതിനാൽ, സമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നതോടൊപ്പം ഊർജം വർധിപ്പിക്കാനും സഹായിക്കുന്നു.

ഹെർബൽ ടീകൾ: ചമോമൈൽ, പെപ്പർമിന്റ്, ലാവെൻഡർ ചായകൾ എന്നിവ സ്വാഭാവികമായും കഫീൻരഹിതമാണ്. ഇവ കുടിക്കുന്നതിലൂടെ വിശ്രമവും ഉറക്കവും പ്രോത്സാഹിപ്പിക്കുന്നു.

മച്ച: ഗ്രീൻ ടീയുടെ ഒരു പൊടിരൂപമായ മച്ചയിൽ എൽ-തിയനൈൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ഉറവിടമാണ്. ഇത് മാനസിക വ്യക്തത വർധിപ്പിക്കുന്നതിനു മികച്ചതാണ്.

6. മാനസിക ആരോഗ്യത്തിനായുള്ള സമഗ്രമായ സമീപനം

ആരോഗ്യ ദിനചര്യയിൽ ചായയ്ക്ക് ഒരു വിലപ്പെട്ട പങ്കുണ്ട്. സ്വയം പരിചരിക്കാനും ജീവിതത്തിലെ പ്രശ്നങ്ങൾക്കും സമ്മർദങ്ങൾക്കുമിടയിൽ‍ ശാന്തമായ നിമിഷങ്ങളെ സമ്മാനിക്കാനും സഹായിക്കുന്നു. അതിനാൽ ജീവിതസാഹചര്യങ്ങളിൽ എപ്പോഴെങ്കിലും മനസ്സ് ഒന്ന് റീഫ്രഷ് ആക്കാൻ തോന്നുമ്പോൾ ഒരു കപ്പ് ചായ കുടിക്കുന്നത് ഒരു നല്ല തിരഞ്ഞെടുപ്പായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News