Thursday, January 23, 2025

കുരങ്ങുപനിക്ക് കാരണം കോവിഡ് വാക്സിനാണെന്ന് പ്രചാരണം; വ്യാജവാര്‍ത്തകളെ കരുതിയിരിക്കണമെന്ന് ഗവേഷകര്‍

കോവിഡ് വ്യാപന കാലത്ത് വൈറസുമായി ബന്ധപ്പെട്ട് നിരവധി അസംബന്ധ കഥകളാണ് സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചിരുന്നത്. ഇപ്പോള്‍ കുരങ്ങുപനി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സമാനമായ വ്യാജകഥകള്‍ വീണ്ടും പ്രചരിക്കുകയാണ്. കോവിഡ് വാക്‌സിനുകളുമായി ബന്ധപ്പെടുത്തിയാണ് കുരങ്ങുപനിയേക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ ലോകത്ത് പലയിടത്തും പ്രചരിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് കാരണം കോവിഡ് വാക്സിനുകളാണെന്ന പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. കുരങ്ങുപനിക്ക് കാരണമാകുന്ന ഒരു ‘ചിമ്പാന്‍സി വൈറസ്’ കോവിഡ് വാക്‌സിനുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. കുരങ്ങുകളുടെ കോശങ്ങളില്‍നിന്നാണ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതെന്നും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ ആസ്ട്രാസെനക വാക്സിനുകളില്‍ ഇത്തരം ചിമ്പാന്‍സി വൈറസുകളുടെ സാന്നിധ്യമുണ്ടെന്നുമാണ് പ്രചാരണം.

ചിമ്പാന്‍സികളില്‍ ജലദോഷത്തിന് കാരണമാകുന്ന ഒരുതരം ദുര്‍ബലമായ വൈറസിനെ ജനിതക വ്യതിയാനം വരുത്തി വെക്ടര്‍ വൈറസുകളായി ആസ്ട്രസെനെക വാക്സിനില്‍ ഉപയോഗിക്കുന്നുണ്ട്. ഇതാണ് ചിലര്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് പിന്നിലുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും ഇത്തരം വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.

 

 

Latest News