ഹമാസിനെ തകര്‍ക്കാന്‍ ഗാസ നഗരത്തില്‍ ആണവായുധവും പ്രയോഗിക്കാം എന്ന വിവാദ പരാമര്‍ശത്തിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. വിവാദപരാമര്‍ശം നടത്തിയ ഇസ്രായേല്‍ ഹെറിറ്റേജ് മന്ത്രി അമിഹൈ എലിയാഹുവിനെ മന്ത്രിസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി നെതന്യാഹു അറിയിച്ചു. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഒരു റേഡിയോ അഭിമുഖത്തില്‍ ഞായറാഴ്ചയായിരുന്നു ഇസ്രായേല്‍ ഹെറിറ്റേജ് മന്ത്രി അമിഹൈ എലിയാഹുവിന്റെ വിവാദ പരാമര്‍ശം. തൊട്ടുപിന്നാലെ മന്ത്രിയുടെ പ്രസ്താവന വലിയ കോളിളക്കം സൃഷ്ടിക്കുകയാരുന്നു. ഇതേ തുടര്‍ന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ രംഗത്തെത്തിയത്. ‘നിരപരാധികളെ ദ്രോഹിക്കാതിരിക്കാന് അന്താരാഷ്ട്ര നിയമത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഇസ്രായേലും ഐഡിഎഫും പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ വിജയം വരെ അത് തുടരും,’ ഇസ്രായേല്‍ പ്രധാനമന്ത്രി എക്സില്‍ എഴുതി.
അതേസമയം, സംഭവം വിവാദമായതോടെ തന്റെ അഭിപ്രായം ‘തലച്ചോറുള്ള ആര്‍ക്കും’ വ്യക്തമാകുമെന്ന് എലിയഹു പ്രതികരിച്ചു. ഭീകരതയ്ക്കെതിരെ ശക്തമായതും ആനുപാതികമല്ലാത്തതുമായ പ്രതികരണം പ്രകടിപ്പിക്കുമെന്നും. ബന്ദികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.