രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും കിഴക്കന്‍ ചൈനയില്‍ പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലും കൂട്ട കൊറോണ ടെസ്റ്റിന് ഒരുങ്ങി രാജ്യം. പ്രാദേശിക തലത്തില്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ ജൂണിനെ അപേക്ഷിച്ച് മുന്നൂറിലധികം കേസുകളുടെ വര്‍ദ്ധയാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെങ്കിലും സുരക്ഷ മുന്‍ നിര്‍ത്തി പലയിടങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദശലക്ഷ കണക്കിന് ആളുകളെയാണ് ലോക്ക് ഡൗണ്‍ ബാധിച്ചിരിക്കുന്നത്.
കിഴക്കന്‍ അന്‍ഹുയി പ്രവിശ്യയില്‍ ആഴ്ചയില്‍ മൂന്ന് ദിവസം കൊറോണ ടെസ്റ്റ് നടത്തുമെന്ന് അറിയിച്ചു. കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. അന്ഹുയിലെ സി നഗരത്തില്‍ 7,60,000 ജനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിനോടകം ഏഴ് റൗണ്ട് കൂട്ട പരിശോധന കഴിഞ്ഞതായും അധികാരികള്‍ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പ്രദേശിക വ്യവസായികള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച രോഗവ്യാപന സാഹചര്യത്താല്‍ മാറ്റി.
ഫുജിയാനിലെ തെക്കുകിഴക്കന്‍ പ്രവിശ്യ,ജിയോചെങ് ജില്ല, സിയാപു തുടങ്ങിയ ഇടങ്ങളില്‍ പരിശോധന യജ്ഞം നടന്നു. നിങ്ഡെ പ്രദേശത്ത് ഒരു കുടുംബത്തിലെ പത്ത് പേരില്‍ രോഗം സ്ഥിരീകരിച്ചു. ആകെ 380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 339 പേരും ലക്ഷണങ്ങള്‍ ഇല്ലാതെ പോസറ്റീവ് ആയവരാണ്.
‘കോവിഡ് സീറോ’ ലക്ഷ്യത്തില്‍ എത്തുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ വഴി കണക്കെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി വര്ധിക്കുമെന്നുള്ളതിനാല് അനാവശ്യമായി നിയന്ത്രണങ്ങളും അടച്ചിടലും പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.