പരമ്പരാഗത ചടങ്ങുകളുടെ ആത്മാവു നിലനിർത്തിക്കൊണ്ടുള്ള സവിശേഷ ചടങ്ങുകളുമായി ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് വെസ്റ്റ്മിൻസ്റ്റർ ആബി ഒരുങ്ങി. രാജകീയ കിരീടധാരണ ചടങ്ങിൽ ഭരണകൂട മേധാവിക്കും പ്രത്യേക പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ബൈബിൾ ഭാഗം വായിക്കും.
കിരീടധാരണച്ചടങ്ങുകൾ ക്രിസ്തീയ വിശ്വാസപ്രകാരമായാണ് നടക്കുന്നതെങ്കിലും വിവിധ മതധാരകളെ ഉൾക്കൊള്ളിച്ചുള്ളിച്ചുള്ള സാംസ്കാരിക വൈവിധ്യം ഉറപ്പാക്കുന്ന ഒന്നായിരിക്കും അത്. ഇതിന്റെ ഭാഗമായി, പ്രൊട്ടസ്റ്റന്റ് വിശ്വാസ അനുഭാവം പ്രഖ്യാപിക്കുന്നതുൾപ്പെടെ പരമ്പരാഗതമായി നിലവിലുള്ള മൂന്നു രാജകീയ പ്രതിജ്ഞകൾ ഉണ്ട്. അതിനും മുൻപായി ഈ തവണ ആമുഖ വാക്യം ചേർക്കുന്നതായിരിക്കും. പുതുതായി ഉൾപ്പെടുത്തുന്ന ഔദ്യോഗിക ചടങ്ങുകളുടെ വിവരങ്ങൾ കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി പുറത്തുവിട്ടിരുന്നു.
മുസ്ലിം, ഹിന്ദു, ജൂത, സിഖ് പ്രതിനിധികളും കത്തോലിക്കാ കർദിനാൾ വിൻസന്റ് നികോൾസ് ഉൾപ്പെടെ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ള മത പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിനു വേണ്ട രാജകീയ ആഭരണങ്ങളും മേലങ്കിയും കയ്യുറയും മറ്റും ഇവർ ചേർന്നാണു സമ്മാനിക്കുക.