Tuesday, November 26, 2024

പ്രത്യാക്രമണം ശക്തമാക്കി യുക്രൈന്‍: ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നുപേർക്ക് പരിക്ക്

അധിനിവേശ മേഖലകള്‍ തിരിച്ചുപിടിക്കാനുള്ള യുക്രൈന്റെ പ്രത്യാക്രമണം ശക്തമാകുന്നു. അതിർത്തിയിലെ വൊറോണേഷ് നഗരത്തില്‍ കഴിഞ്ഞ ദിവസം കനത്ത ഡ്രോണ്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു.

തെക്കു-കിഴക്കൻ മേഖലകളിൽ നിന്ന് റഷ്യൻ സേനയെ തുരത്താനുള്ള ശ്രമമാണ് യുക്രൈന്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു യുക്രൈന്‍ സേനയുടെ ഡ്രോണ്‍ ആക്രമണം. ആൾപ്പാർപ്പുള്ള കെട്ടിടത്തിലാണ് ഡ്രോണ്‍ പതിച്ചെതന്നും മൂന്നുപേര്‍ക്ക് പരിക്കേറ്റതായും ഗവർണർ അലക്സാണ്ടർ ഗുസേവ് പറഞ്ഞു. ബഹുനില അപ്പാർട്മെന്‍റ് കെട്ടിടത്തിന്റെ ജനലുകൾ തകർന്നതിന്റെ ദൃശ്യങ്ങൾ റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

അതേസമയം, അതിർത്തി നഗരമായ സപോരിഷിയ പിടിച്ചടക്കുക എന്നതാണ് യുക്രൈന്‍ സേനയുടെ ലക്ഷ്യം. അസോവ് കടലിലേക്കുള്ള പ്രവേശന നിയന്ത്രണം വീണ്ടെടുത്ത് റഷ്യൻ സേനയെ ദുർബലപ്പെടുത്താന്‍ കഴിയുമെന്നും യുക്രൈന്‍ വിലയിരുത്തുന്നു. ടാങ്കുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് യുക്രൈന്‍ ആക്രമണം കടുപ്പിക്കുന്നത്. എന്നാല്‍ റഷ്യന്‍ സൈന്യം തികഞ്ഞ പ്രതിരോധത്തിലാണെന്ന് മുതിർന്ന യുക്രൈന്‍ ഉദ്യോഗസ്ഥൻ പറഞ്ഞു.

Latest News