Sunday, November 24, 2024

രാജ്യത്തെ പ്രായം കൂടിയ സാക്ഷരതാപഠിതാവ് കാര്‍ത്യായനി അമ്മ അന്തരിച്ചു

രാജ്യത്തെ പ്രായം കൂടിയ സാക്ഷരതാപഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ കാര്‍ത്യായനി അമ്മ അന്തരിച്ചു. ഇന്നലെ ഹരിപ്പാട് ചേപ്പാട് വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 101 വയസ്സായിരുന്നു.

നാല്പതിനായിരം പേർ എഴുതിയ അക്ഷരലക്ഷം പരീക്ഷയിൽ 98ശതമാനം മാർക്കുവാങ്ങിയാണ് കാർത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. 2017-ല്‍ തന്റെ 96-ാം വയസ്സിലായിരുന്നു ഇത്. നേട്ടത്തിന് 2018-ല്‍ കേന്ദ്ര സര്‍ക്കാര്‍ നാരീശക്തി പുരസ്‌കാരം നല്‍കുകയും ചെയ്തിരുന്നു. പുരസ്‌കാരം വാങ്ങിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ത്യായനി അമ്മയെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കുകയും വിരുന്നു നല്‍കുകയും ചെയ്തിരുന്നു.

നാലാം തരം തുല്യതാ ക്ലാസില്‍ ചേര്‍ന്നു പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്‌കാരം കാര്‍ത്യായനിയമ്മയെ തേടിയെത്തിയത്. തുടര്‍ന്ന് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കവെ പക്ഷാഘാതം വന്ന് കിടപ്പിലാകുകയായിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡില്‍ നാരീശക്തി പുരസ്‌കാര ജേതാവായ കാര്‍ത്യായനി അമ്മയുടെ ഫ്‌ളോട്ടും സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. മക്കൾ അനുവദിച്ചാൽ തുടർന്ന് പഠിക്കണമെന്ന ആ​ഗ്രഹവും കാർത്യായനി അമ്മ പ്രകടിപ്പിച്ചിരുന്നു.

Latest News