Tuesday, November 26, 2024

ആണവായുധങ്ങൾ ഉപയോഗിച്ച് അമേരിക്കൻ ഭീഷണികളെ നേരിടുമെന്ന് കിം ജോങ് ഉൻ

ആണവായുധങ്ങൾ ഉപയോഗിച്ച് അമേരിക്കൻ ഭീഷണികളെ നേരിടുമെന്ന് കിം ജോങ് ഉൻ. രാജ്യത്തിന്റെ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഹ്വാസോങ്-17 ന്റെ പരീക്ഷണ വിക്ഷേപണത്തിന് ശേഷമായിരുന്നു കിം ഇപ്രകാരം പറഞ്ഞത്. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ ആണവ ശക്തിയാകുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്നും കിം വെളിപ്പെടുത്തി.

“രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസ്സും പരമാധികാരവും സംരക്ഷിക്കാനാണ് ആണവ ശക്തിയെന്ന ലക്ഷ്യം മുന്നോട്ട് വെയ്ക്കുന്നത്. മികച്ച സൈന്യത്തെ സൃഷ്ടിക്കാനുള്ള ഉത്തരകൊറിയയുടെ ദൃഢനിശ്ചയത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ബാലിസ്റ്റിക് മിസൈലുകളിൽ ന്യൂക്ലിയർ വാർഹെഡുകൾ ഘടിപ്പിക്കുന്ന സാങ്കേതികവിദ്യയിൽ ഉത്തരകൊറിയൻ ശാസ്ത്രജ്ഞർ അതിശയകരമായ കുതിച്ചുചാട്ടം നടത്തി” – കിം ജോങ് ഉൻ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും ശക്തവും തന്ത്രപ്രധാനവുമായ ആയുധമെന്നാണ് ഹ്വാസോങ്-17 നെ കിം ജോങ് ഉൻ വിശേഷിപ്പിച്ചത്.

ആണവായുധങ്ങൾ ഉപയോഗിച്ച് അമേരിക്കയുടെ ആണവ ഭീഷണികളെ നേരിടുമെന്ന് കിം ജോങ് ഉൻ പ്രതിജ്ഞയെടുത്തതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ ആണവ മേധാവിത്വത്തിനെതിരെ നിലകൊള്ളാൻ കഴിവുള്ള ഒരു സമ്പൂർണ ആണവശക്തിയാണ് ഉത്തരകൊറിയയെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.

മിസൈൽ പരീക്ഷണത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, സൈനിക ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ തുടങ്ങിയവർക്കെല്ലാമൊപ്പം പ്രസിഡന്റ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. അവർക്കൊപ്പം ഭാവി പദ്ധതികളെ കുറിച്ച് ചർച്ചകൾ നടത്തി. അസാധാരണമായ വേഗത്തിൽ രാജ്യത്തിന്റെ ആണവ പ്രതിരോധം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

Latest News