ഇറ്റാലിയൻ നാവികർ പ്രതികളായ കടൽക്കൊല കേസിൽ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി നിർദ്ദേശം. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേർക്കും അഞ്ച് ലക്ഷം രൂപ വീതം നൽകാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. ഇറ്റലി നൽകിയ നഷ്ടപരിഹാര തുകയിൽ ബോട്ടുമ ഫ്രെഡിക്ക് ലഭിച്ച രണ്ടു കോടിയിൽ നിന്ന് തങ്ങൾക്കും വിഹിതം കിട്ടണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വിധി.
മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രെഡിക്കിന് 2 കോടി രൂപയുമാണ് ഇറ്റാലിയൻ ഗവൺമെന്റ് നഷ്ടപരിഹാരമായി നൽകിയത്. ഇതിൽ ബോട്ടുടമയ്ക്ക് ലഭിച്ച തുകയിൽ അവകാശവാദം ഉന്നയിച്ചാണ് ഏഴ് മത്സ്യത്തൊഴിലാളികൾ രംഗത്തുവന്നത്. ഈ ആവശ്യമാണിപ്പോൾ കോടതി ശരിവെച്ചത്.
2012 ഫെബ്രുവരി 15നാണ് ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിൽ മലയാളികളടക്കം രണ്ട് മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായത്. എന്റിക്ക ലെക്‌സി എന്ന എണ്ണകപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന സൽവത്തോറെ ജെറോൺ, മാസിമിലാനോ ലത്തോറെ എന്നിവരാണ് മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തത്. സെയ്ന്റ് ആന്റണി ബോട്ടിൽ മീൻ പിടിക്കാൻ പോയ ജെലസ്റ്റിൻ, അജീഷ് പിങ്ക് എന്നിവരാണ് വെടിവെയ്പ്പിൽ മരിച്ചത്. യാതൊരു മുന്നറിയിപ്പില്ലാതെയായിരുന്നു നാവികർ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിവെച്ചത്.