കഴിഞ്ഞ ഡിസംബറിൽ പട്ടാളനിയമം പ്രഖ്യാപിച്ചതിന് ക്രിമിനൽകുറ്റം ചുമത്തുകയും പിന്നീട് ഇംപീച്ച്‌മെന്റ് നടപടികൾ നേരിടുകയും ചെയ്ത ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ തടങ്കലിൽനിന്നു മോചിപ്പിക്കാൻ കോടതി ഉത്തരവ്. കഴിഞ്ഞ ജനുവരിയിൽ, കലാപത്തിന് നേതൃത്വം നൽകി എന്ന കുറ്റത്തിന് അറസ്റ്റിലായതിനുശേഷം യൂൻ തടങ്കലിലാക്കപ്പെടുകയായിരുന്നു. എന്നാൽ വെള്ളിയാഴ്ച സിയോൾ ഡിസ്ട്രിക്ട് കോടതി അദ്ദേഹത്തിന്റെ അറസ്റ്റ് വാറണ്ട് റദ്ദാക്കി മോചിപ്പിക്കുകയായിരുന്നു.
പ്രതിയുടെ തടങ്കൽ കാലാവധി കഴിഞ്ഞതിനുശേഷമാണ് കലാപക്കുറ്റം ചുമത്തിയ കുറ്റപത്രം സമർപ്പിച്ചതെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തത ഉറപ്പാക്കുന്നതിനും അന്വേഷണപ്രക്രിയയുടെ നിയമസാധുതയെക്കുറിച്ചുള്ള സംശയങ്ങൾ ഇല്ലാതാക്കുന്നതിനുമായി അറസ്റ്റ് വാറണ്ട് റദ്ദാക്കുന്നു എന്നാണ് കോടതി പറഞ്ഞത്.
കോടതിവിധി തടങ്കൽ കേന്ദ്രത്തിലേക്ക് അയയ്ക്കും. രേഖകൾ ലഭിച്ചശേഷം യൂനിനെ മോചിപ്പിക്കാമെന്നാണ് പ്രതീക്ഷ. ഈ രാജ്യത്ത് നിയമവാഴ്ച സജീവമാണെന്ന് തെളിയിച്ചുവെന്ന് ഒരു പ്രസ്താവനയിൽ യൂനിന്റെ അഭിഭാഷകൻ വിധിയെ പ്രശംസിച്ച് അഭിപ്രായപ്പെട്ടു.