Monday, November 25, 2024

അമേരിക്കയിലെ കോവിഡ് മഹാമാരി അവസാനിച്ചുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍

അമേരിക്കയിലെ കോവിഡ് മഹാമാരി അവസാനിച്ചുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡ് അവസാനിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇപ്പോഴും പ്രശ്നമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മഹാമാരി അവസാനിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രശ്നമുണ്ട്. ഇപ്പോഴും അതിനായി വളരെയധികം കാര്യങ്ങള്‍ ചെയ്യുന്നു, പക്ഷേ മഹാമാരി അവസാനിച്ചു’. ബൈഡനെ ഉദ്ധരിച്ച് സിബിഎസ് റിപ്പോര്‍ട് ചെയ്തു.

അമേരിക്കയിലെ ബൈഡന്‍ സര്‍ക്കാര്‍ ഇപ്പോഴും കോവിഡ് -19 നെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായാണ് കാണുന്നത്. കോവിഡ് പരിശോധനയും വാക്‌സിന്‍ പ്രോഗ്രാമുകളും നിലനിര്‍ത്തുന്നതിന് കോണ്‍ഗ്രസിനോട് കോടിക്കണക്കിന് ഡോളര്‍ ധനസഹായം ബൈഡന്‍ ഭരണകൂടം ആവശ്യപ്പെട്ടതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് പ്രസിഡന്റിന്റെ പുതിയ പരാമര്‍ശങ്ങള്‍ വരുന്നത്.

കഴിഞ്ഞ മാസം, യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ആളുകളെ ക്വാറന്റൈന്‍, സാമൂഹിക അകലം എന്നിവ പോലുള്ള നിരവധി നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും, പ്രായമായവര്‍, ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍, രോഗബാധിതര്‍, ഗുരുതരമായ അസുഖമുള്ളവര്‍ എന്നിവരുള്‍പെടെ ചിലരോട് കൂടുതല്‍ ജാഗ്രത പാലിക്കാനും ഏജന്‍സി ആവശ്യപ്പെട്ടിരുന്നു.

 

Latest News