കോവിഡിനെ പൂർണ്ണമായി ഇല്ലാതാക്കുവാൻ തക്ക കർശന നടപടികൾക്കിടയിലും ചൈനയിൽ രോഗികളുടെ എണ്ണം വർധിക്കുന്നു. പകർച്ചവ്യാധിയുടെ ആരംഭത്തിൽ മുതൽ ഉള്ള രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴുള്ള രോഗബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്.
തലസ്ഥാനമായ ബെയ്‌ജിംഗും തെക്കൻ വ്യാപാര കേന്ദ്രമായ ഗ്വാങ്‌ഷൂവും ഉൾപ്പെടെ നിരവധി പ്രധാന നഗരങ്ങളിൽ പകർച്ചവ്യാധി രൂക്ഷമായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏപ്രിലിൽ 28,000 കേസുകൾ രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞ ബുധനാഴ്ച 31,527 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. 1.4 ബില്യൺ ജനങ്ങളുള്ള ഒരു രാജ്യത്തിന് ഈ സംഖ്യകൾ ഇപ്പോഴും ചെറുതാണ്.
ചൈനയുടെ സീറോ-കോവിഡ് നയം പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. കോവിഡ് കുറയ്ക്കുന്നതിന് കാരണമായി എന്ന് പൂർണ്ണമായും പറയാൻ സാധിക്കില്ല എങ്കിലും സീറോ-കോവിഡ് നയം സമ്പദ്‌വ്യവസ്ഥയ്ക്കും സാധാരണക്കാരുടെ ജീവിതത്തിനും ഏൽപ്പിച്ച പ്രഹരം നിസാരമായിരുന്നില്ല. അതിനാൽ തന്നെ ചൈനയുടെ ഈ നയത്തിനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു.