Tuesday, November 26, 2024

ചൈനയിലെ സെജിയാങ്ങില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു

ചൈനയില്‍ കണ്ടെത്തിയ ബിഎഫ്-7 കോവിഡ് വകഭേദം ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത് സെജിയാങ്ങിലാണെന്ന് റിപോര്‍ട്ടുകള്‍. പത്ത് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് സെജിയാങ്ങില്‍ ദിനംപ്രതി സ്ഥിരികരിക്കുന്നതെന്നാണ് വിവരം. ഇത് വൈകാതെ 20 ലക്ഷത്തിലേക്ക് എത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

ഷാങ്ഹായ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സെജിയാങ്ങ് പ്രവിശ്യയില്‍ ദിനംപ്രതി മരിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് കേസുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും കോവിഡ് മൂലമുള്ള മരണങ്ങള്‍ രേഖപ്പെടുത്തുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. നഗരത്തില്‍ പ്രതിദിനം 10 ലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പ്രവിശ്യാ സര്‍ക്കാരും, ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ അഞ്ച് ദിവസമായി ചൈനയില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ നഗരത്തില്‍ പൂര്‍ണമാണെന്നാണ് വിവരം. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. അതിനാല്‍തന്നെ സെജിയാങ്ങിലെ റോഡുകള്‍ വിജനമാണ്. കോവിഡ് ഭീതി പ്രവിശ്യയെ ആകെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണെന്നാണ് വിലയിരുത്തല്‍.

Latest News