Tuesday, November 26, 2024

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; കെയര്‍ ഹോമുകള്‍ക്ക് ജാഗ്രതാനിർദ്ദേശം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ വൃദ്ധസദനങ്ങള്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാനിർദ്ദേശം. കോവിഡ് സ്ഥിതി അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

ആരോഗ്യവിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 2,484 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളിലാണ് കൂടുതലായി
കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും കളക്ടര്‍മാരും മന്ത്രിയുടെ അധ്യക്ഷയില്‍ യോഗം ചേര്‍ന്നത്.

കോവിഡ് നേരിയ തോതില്‍ വര്‍ദ്ധിക്കുന്നതിനാല്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, മറ്റു രോഗങ്ങൾ തുടങ്ങിയവ ഉള്ളവർ ശ്രദ്ധിക്കണമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. ഇവരെ കൂടാതെ രോഗം പിടിപെടാന്‍ സാധ്യതയുള്ള പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ മാസ്ക് ധരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കെയര്‍ ഹോമുകളിലെ അന്തേവസികളിൽ ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ എല്ലാവരേയും പരിശോധിക്കാനും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

Latest News