Sunday, November 24, 2024

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു: 3,016 പുതിയ രോഗികള്‍

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 3,016 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ഏകദേശം ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനയാണ്. അതേസമയം സജീവ കേസുകൾ 13,509 ആയും ഉയർന്നിട്ടുണ്ട്.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 % ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 20.05 ശതമാനമുളള മഹാരാഷട്രയിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉളളത്. സംസ്ഥാനത്തെ സോളാപൂര്‍, സാംഗ്ലി ജില്ലകളിലാണ് ഇതിലേറെയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, ഈ വര്‍ഷം തുടക്കത്തില്‍ ഒറ്റ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഡല്‍ഹിയിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ 300 കേസുകളാണ് രാജ്യ തലസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തത്. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഡൽഹി സർക്കാർ ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്‍റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും.

Latest News