ചൈനയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് മുന്നറിയിപ്പ് നൽകി യു.എസ്. ചൈനയിലെ സാഹചര്യം ഗൗരവമായി കണക്കിലെടുക്കണമെന്നും വൈറസിന്റെ വ്യാപനം പുതിയ വകഭേദങ്ങൾ ഉണ്ടാവാൻ കാരണമാകുമെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. പുതുവർഷാദ്യം സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തിൽ ബെയ്ജിങ്ങിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനിരിക്കെയാണ് അമേരിക്കയുടെ പ്രതികരണം.
ചൈനയിലെ കോവിഡ് വ്യാപനം മറ്റു രാഷ്ട്രങ്ങൾക്കും ഭീഷണിയാണെന്നും പ്രൈസ് കൂട്ടിച്ചേർത്തു.”ചൈനയിൽ രോഗബാധയിലുണ്ടാവുന്ന ക്രമാതീതമായ വർധന ആഗോള സാമ്പത്തിക മേഖലയേയും മോശമായി ബാധിച്ചേക്കാമെന്നും കരുതുന്നു. ചൈനയുടെ ജി.ഡി.പി. കണക്കിലെടുക്കുമ്പോൾ ഉയർന്ന കോവിഡ് കേസുകൾ ലോകത്തെയാകെ ആശങ്കപ്പെടുത്തുന്നുണ്ട്. കോവിഡ് നിയന്ത്രിക്കാൻ സാധിച്ചാൽ അത് ചൈനയ്ക്ക് മാത്രമല്ല, ആഗോളതലത്തിലും നല്ലതായിരിക്കും,”- പ്രൈസ് വ്യക്തമാക്കി.
സീറോ കോവിഡ് നയത്തിനെതിരെ കടുത്ത പ്രതിഷേധമുണ്ടായതിന് പിന്നാലെ ചൈനയിൽ രോഗബാധ വലിയ തോതിൽ ഉയർന്നിരുന്നു. പാശ്ചാത്യ രാജ്യങ്ങളേക്കാൾ ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ചു എന്ന തോന്നലുണ്ടാക്കാൻ ചൈന കോവിഡ് കണക്കുകൾ മറച്ചുവെക്കുന്നു എന്നും ആരോപണം ഉയരുന്നുണ്ട്.