Monday, April 21, 2025

കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കോവിഡ് മഹാമാരിക്ക് മാറ്റംവന്നെങ്കിലും അത് അവസാനിച്ചിട്ടില്ലെന്നും 110 രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ലോകാരോഗ്യസംഘന (ഡബ്ല്യു.എച്ച്.ഒ.) മുന്നറിയിപ്പ് നല്‍കി. കേസുകള്‍ കണ്ടെത്തുന്നതില്‍ വെല്ലുവിളി നേരിടുന്നുണ്ടെന്ന് വ്യക്തമാക്കിയ ലോകാരോഗ്യസംഘടന, ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

മഹാമാരി മാറുകയാണ്, പക്ഷേ അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും വൈറസിന്റെ ജനതികഘടന കണ്ടെത്തുന്നതിലും കുറവുണ്ടായത് വൈറസ് വ്യാപനം തിരിച്ചറിയുന്നതില്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇത് ഒമിക്രോണിന്റെ വകഭേദങ്ങളെയും ഭാവിയില്‍ ഉണ്ടാകാനിടയുള്ള മറ്റു വകഭേദങ്ങളേയും കണ്ടെത്തുന്നതില്‍ പ്രയാസമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഎ.4, ബിഎ.5 വകഭേദങ്ങള്‍മൂലമുള്ള കോവിഡ് പലയിടത്തും പടരുകയാണ്. 110 രാജ്യങ്ങളില്‍ കോവിഡ് നിരക്ക് ഉയര്‍ന്നതോടെ ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം വര്‍ധിച്ചു.

ലോകാരോഗ്യസംഘടനയുടെ കീഴിലുള്ള ആറില്‍ മൂന്ന് മേഖലകളിലും കോവിഡ് മരണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ആഗോളകണക്കുകളില്‍ വലിയ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News