Tuesday, November 26, 2024

കോവിഡിന്റെ ഉത്ഭവം: വുഹാൻ മാർക്കറ്റിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളുമായി ഗവേഷകർ

വുഹാനിലെ, ഹുവാനൻ കടൽഭക്ഷ്യവസ്തുക്കളും വന്യജീവികളെയും വിൽക്കുന്ന മാർക്കറ്റ് കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിന്റെ കേന്ദ്രമായിരുന്നു എന്നതിന് തെളിവുകളുണ്ടെന്ന് ഗവേഷകർ. ചൈനയിലെ നഗരങ്ങളിൽ നിന്ന് കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണങ്ങൾ വീണ്ടും പരിശോധിച്ചുകൊണ്ട് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച രണ്ട് പഠനറിപ്പോർട്ടുകളിലാണ് ഈ വിവരം.

കോവിഡ് പകർച്ചവ്യാധിയുടെ ആദ്യ കേസുകൾ പുറത്തുവരുന്നത് വുഹാനിലെ മാർക്കറ്റുകളെ ചുറ്റിപ്പറ്റിയാണെന്ന് ഒരു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കോവിഡ്, പകർച്ചവ്യാധിയായി മാറിയ സമയം ട്രാക്ക് ചെയ്യുന്നതിന് അതിന്റെ ജനിതകഘടനകൾ ശേഖരിക്കുകയായിരുന്നു മറ്റൊരു പഠനത്തിലൂടെ. ഈ പഠനങ്ങൾ പ്രകാരം 2019 നവംബറിലോ, ഡിസംബർ മാസത്തിന്റെ ആദ്യവാരങ്ങളിലോ മനുഷ്യരിലേക്ക് കോവിഡിന്റെ രണ്ട് വകഭേദങ്ങൾ വ്യാപിച്ചതായി കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞു.

2019 അവസാനത്തോടെ ഹുവാനൻ മാർക്കറ്റിൽ വിറ്റഴിച്ച ജീവനുള്ള സസ്തനികളിൽ സാർസ്-കോവ്-2 ഉണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകൾ ശാസ്ത്രജ്ഞർ നൽകുന്നു. രണ്ട് വ്യത്യസ്ത ‘സ്പിൽഓവർ ഇവന്റുകളിൽ’ നിന്നായി അവിടെ ജോലി ചെയ്യുന്നവരിലേക്കോ, ഷോപ്പിംഗ് നടത്തുന്നവരിലേക്കോ ഇത് കൈമാറ്റം ചെയ്യപ്പെട്ടതായി അവർ പറയുന്നു. വൈറസ് ബാധിച്ച ഒരു മൃഗത്തിൽ നിന്ന് മനുഷ്യനിലേക്ക് കോവിഡ് പകരുന്നതായി ഇരുഗവേഷകരും ചൂണ്ടിക്കാണിക്കുന്നു.

“വൈറസ് മനുഷ്യനിർമ്മിതമായ ലാബുകളിൽ നിന്നാണ് വന്നതെന്ന തെറ്റായ രേഖ ഈ പഠനങ്ങൾ തിരുത്തുമെന്നു പ്രതീക്ഷിക്കുന്നതായി ഗവേഷകരിലൊരാളായ ഗ്ലാസ്‌ഗോ സർവ്വകലാശാലയിലെ വൈറോളജിസ്റ്റ് പ്രൊഫ. ഡേവിഡ് റോബർട്ട്‌സൺ വ്യക്തമാക്കി. ഏകദേശം രണ്ടു വർഷത്തോളം നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രം – ഗവേഷണഫലങ്ങൾ

ആദ്യകാല രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ ഒരു പ്രധാന ആശയക്കുഴപ്പം പരിഹരിക്കാൻ അവരെ പ്രാപ്തമാക്കി. വുഹാനിൽ കോവിഡ്-19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച നൂറുകണക്കിന് ആളുകളിൽ, ഏകദേശം 50 പേർക്ക് മാത്രമേ വുഹാനിലെ മാർക്കറ്റുമായി നേരിട്ടുള്ളതും കണ്ടെത്താനാകുന്നതുമായ ബന്ധം ഉണ്ടായിരുന്നുള്ളൂ. മിക്ക കേസുകളും വിപണിയുമായി ബന്ധിപ്പിക്കാൻ കഴിയാത്തത് ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ന് നമുക്ക് അറിയാവുന്നതുപോലെ, ചെറിയ ചില രോഗലക്ഷണങ്ങൾ ഉള്ളവർ സമൂഹത്തിൽ ആയിരിക്കുമ്പോൾ അവരിൽ നിന്ന് ആ രോഗം മറ്റുള്ളവരിലേക്കും വ്യാപിച്ചു. പലപ്പോഴും ഇത്തരം കേസുകളിൽ രോഗികളെയും രോഗകാരണമായ ആളുകളെയും തമ്മിൽ ബന്ധിപ്പിക്കുക ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു.

അതിനു പുറമെ കോവിഡ് ബാധിതരുടെ മാപ്പ് തയ്യാറാക്കിയപ്പോൾ രോഗബാധിതരിൽ പലരും ഈ മാർക്കറ്റുകളിൽ ജോലി ചെയ്യുന്നവരോ, അവിടെ പോയവരോ ആയിരുന്നില്ല. രോഗം ബാധിക്കുന്നതിനുള്ള കാരണമായി അവർ കണ്ടെത്തിയതോ, ആ മാർക്കറ്റിനു സമീപം അവർ താമസിക്കുന്നു എന്നതു മാത്രമായിരുന്നു. ഈയൊരു കണ്ടെത്തലിൽ നിന്ന് വിൽപനക്കാർ ആദ്യം രോഗബാധിതരാകുകയും ചുറ്റുമുള്ള പ്രദേശത്തെ അംഗങ്ങൾക്കിടയിൽ അണുബാധകളുടെ ശൃംഖല സ്ഥാപിക്കുകയും ചെയ്തു എന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തിച്ചേർന്നു.

3,000 ചതുരശ്ര മൈൽ (7,770 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഒരു നഗരത്തിൽ കോവിഡിന്റെ തുടക്കസമയത്ത് രോഗബാധിതരായ ആളുകളിൽ ഒരാളെങ്കിലും ഉൾപ്പെടുന്ന വീടുകൾ ഉണ്ടാകാനുള്ള സാധ്യത ഗവേഷകർ അന്വേഷിച്ചു. ഹുവാനൻ മാർക്കറ്റിന്റെ സാന്നിധ്യം തന്നെയായിരുന്നു ആ അന്വേഷണത്തിനു കാരണവും. ഒപ്പം പഠനങ്ങൾ ഹുവാനൻ മാർക്കറ്റിൽ തന്നെ കേന്ദ്രീകരിച്ചു. അഴുക്കുചാലുകളിൽ നിന്നും കച്ചവടസ്ഥലങ്ങളിൽ നിന്നുമുള്ള ദ്രാവകങ്ങളും മറ്റും പരീക്ഷണവിധേയമാക്കി. അവയെല്ലാം വൈറസിന് വളരാൻ അനുകൂലമായ സാഹചര്യങ്ങളാണെന്ന് കണ്ടെത്തി. മിക്ക പോസിറ്റീവ് സാമ്പിളുകളും വിപണിയുടെ തെക്കു-പടിഞ്ഞാറ് ഭാഗത്താണ് കണ്ടെത്തിയത്. ഈ ഭാഗത്തു തന്നെ ആയിരുന്നു റാക്കൂൺ നായ്ക്കൾ വിൽക്കപ്പെടുന്നതായി കണ്ടെത്തിയത്. ഒപ്പം ഈ മൃഗങ്ങളെ, സാർസ്-കോവ്-2, കോവിഡ്-19-ന് കാരണമാകുന്ന വൈറസ് ബാധിച്ചിരിക്കാം എന്ന സംശയത്തിലേക്ക് എത്തി. കൂടാതെ, 2019 അവസാനത്തോടെ ഈ മൃഗങ്ങളെ ഹുവാനൻ മാർക്കറ്റിൽ വിറ്റിരുന്നതായും തെളിവുകൾ ലഭിച്ചു. അങ്ങനെ ഹുവാനൻ മാർക്കറ്റാണ് കോവിഡ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രം എന്ന കണ്ടെത്തലിലേക്ക് ഈ തെളിവുകൾ ഗവേഷകരെ നയിച്ചു.

കോവിഡ് വൈറസുകൾ മനുഷ്യനിർമ്മിതമെന്ന ആരോപണം

കഴിഞ്ഞ രണ്ടു വർഷത്തിനിടെ കോവിഡ് പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ഒരു രാഷ്ട്രീയ തർക്കവിഷയമായി മാറിയിരുന്നു. പ്രത്യേകിച്ചും യുഎസിന്റെയും ചൈനയുടെയും രാഷ്ട്രീയക്കാർ തമ്മിലായിരുന്നു ഇത്തരമൊരു തർക്കം. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന വുഹാനിലെ ലബോറട്ടറിയിൽ നിന്ന് വൈറസ് ചോർന്നതാകാമെന്നായിരുന്നു ചൈനക്കെതിരെ അമേരിക്കയുടെയും മറ്റുള്ളവരുടെയും ആരോപണം. എന്നാൽ ആ ആരോപണം തെളിയിക്കുന്നതിന് മതിയായ വിവരങ്ങൾ ലഭ്യമല്ല എന്നാണ് പുതിയ ഗവേഷണപഠനങ്ങൾ നടത്തിയ കിംഗ്സ് കോളേജിലെ പ്രൊഫസർ സ്റ്റുവർട്ട് നീൽ വ്യക്തമാക്കുന്നത്. ഇത് വിപണിയിൽ നടന്ന ഒരു സ്പിൽഓവർ സംഭവമാണെന്ന് ഞങ്ങളുടെ പക്കലുള്ള ശിഥിലമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുവാൻ കഴിയും എന്ന് അദ്ദേഹം പറയുന്നു.

തിങ്ങിനിറഞ്ഞ ജനക്കൂട്ടം, ജീവനുള്ള മൃഗങ്ങളെ കൊന്ന് അതിന്റെ മാംസവിൽപന, ഇവ പുതിയ രോഗങ്ങൾക്ക് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നുകയറാൻ അനുയോജ്യമായ ഒരു ട്രാൻസ്മിഷൻ ഹോട്ട്സ്പോട്ട് നൽകുന്നു എന്ന് പല ശാസ്ത്രജ്ഞരും സമ്മതിക്കുന്നു. പകർച്ചവ്യാധി ആരംഭിക്കുന്നതിനു മുൻപു വരെയുള്ള 18 മാസങ്ങളിൽ 38 വ്യത്യസ്ത ഇനങ്ങളിൽപെട്ട 50,000 മൃഗങ്ങൾ വൂഹാനിലെ മാർക്കറ്റുകളിൽ വിറ്റതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.

അനാരോഗ്യകരവും ക്രൂരവും വൃത്തിഹീനവുമായ ഒരു സമ്പ്രദായത്തിന്റെ അനന്തരഫലമാണ് കോവിഡ് മഹാമാരിയെന്ന് പ്രൊഫ. നീൽ, ചൈനീസ് ഭരണാധികാരികൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഒരു ലബോറട്ടറിയിൽ നിന്നാണ് ഈ രോഗാണുക്കൾ പകർന്നതെന്ന തെറ്റായ ആരോപണത്തിലേക്ക് നാം ശ്രദ്ധ തിരിക്കുമ്പോൾ യഥാർത്ഥ കാരണത്തിൽ നിന്ന് അകന്നുപോകുകയും അതുവഴി ഇത്തരം രോഗങ്ങൾ വീണ്ടും വ്യാപിക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു എന്ന് പ്രൊഫ. നീൽ ചൂണ്ടിക്കാണിച്ചു.

Latest News