Friday, April 11, 2025

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ ലംഘനത്തിന് നടപടി നേരിട്ടത് ലക്ഷങ്ങള്‍; മാസ്‌ക് വയ്ക്കാത്തവരില്‍ നിന്ന് ലഭിച്ച പിഴ കോടികള്‍; കണക്കുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് കോവിഡ് വൈറസ് രോഗബാധ പടര്‍ന്ന് പിടിച്ചതോടെ ദുരന്ത നിവാരണ നിയമപ്രകാരം കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു. ലോക്ക്ഡൗണ്‍, പ്രാദേശിക നിയന്ത്രണം, മാസ്‌ക്ക് ധരിക്കല്‍ എന്നിവയും ഇതുപ്രകാരം നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസുകളും ഉണ്ടായിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും പിഴയും ഇടാക്കിയിരുന്നു. മാസ്‌ക്ക് അടക്കം ധരിച്ചില്ലെങ്കില്‍ 500 മുതല്‍ 2000 വരെയായിരുന്നു പിഴ അടക്കേണ്ടി വന്നിരുന്നത്.

കണക്കുകള്‍ പ്രകാരം നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇതുവരെ 66 ലക്ഷത്തോളം പേരാണ് നടപടി നേരിട്ടത്. കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്തത്. മാസ്‌ക്ക് ധരിക്കാതിരുന്ന 42,73,735 പേരില്‍ നിന്നും ദുരന്ത നിവാരണ നിയമ പ്രകാരം ഇതുവരെ പിഴ ഈടാക്കിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാസ്‌കില്ലാത്തവരില്‍ നിന്ന് മാത്രം 213 കോടി 68 ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കാമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. പുതിയ നിര്‍ദ്ദേശ പ്രകാരം മാസ്‌ക്ക് ഇട്ടില്ലെങ്കില്‍ കേസെടുക്കണമെന്നില്ല. എന്നാല്‍ മാസ്‌ക്ക് മാറ്റാമെന്ന രീതിയില്‍ പ്രചാരണം വന്നതോടെ മാസ്‌ക്ക് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രം പിന്നീട് വിശദീകരിച്ചു.

 

Latest News