കോവിഡ് വ്യാപനം കണക്കിലെടുത്തു ജാഗ്രതാ നടപടികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഇന്ന് യോഗം ചേരും.
ഒരു ഇടവേളക്ക് ശേഷം കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചൈന, ജപ്പാൻ, കൊറിയ, അമേരിക്ക, ബ്രസീൽ തുടങ്ങി വിദേശ രാജ്യങ്ങളിൽ ഇതിനോടകം കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണ്. ഇതിനെത്തുടർന്നാണ് കോവിഡിൻറെ പുതിയ തരംഗത്തെ നേരിടുന്നതിനായി സജ്ജമാകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് യോഗം ചേരുന്നത്.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി യോഗത്തിന് ശേഷം കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ. യോഗത്തിന് മുന്നോടിയായി രാജസ്ഥാനിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്നു ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി രാഹുൽഗാന്ധിക്ക് കത്തയച്ചു. അതേസമയം രോഗവ്യാപനം കണക്കിലെടുത്ത് വിദേശരാജ്യങ്ങളിൽ നിന്നുമുള്ള വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും, കോവിഡ് കൂടിയ രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തുന്നത് നിയന്ത്രിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.