Monday, November 25, 2024

രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു; 11,109 പുതിയ കേസുകള്‍

പ്രതിദിന കോവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടു കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു ഇരട്ടിയിലധികം കേസുകളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ചു 24 മണിക്കൂറിനിടെ 11,109 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.29 ശതമാനവുമായി വര്‍ദ്ധിച്ചു. നിലവില്‍, രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 49, 622ഉം ഇതുവരെ രോഗമുക്തി നേടിയവര്‍ 4,42,16,583 പേരും ആണ്. എന്നാല്‍ 29 മരണങ്ങള്‍ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്തു കോവിഡിനെ തുടര്‍ന്നു മരിച്ചവരുടെ എണ്ണം 5,31,064 ആയി.

അതേസമയം, കഴിഞ്ഞ ഏഴ് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന കണക്കാണ് ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ടത്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസുകള്‍ ഉയരുമ്പോഴും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 476 ഡോസ് വാക്‌സിൻ രാജ്യത്തു വിതരണം ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായ വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220,66,25,120 കോടി വാക്‌സിൻ ഡോസുകളാണ് നല്‍കിയത്.

Latest News