കോവിഡിന്റെ പുതിയ തംരഗത്തെ തടയാന്‍ ധ്രുതഗതിയില്‍ വാക്സിനുകള്‍ വികസിപ്പിക്കാന്‍ ചൈനയില്‍ ശ്രമം നടക്കുന്നു. രാജ്യത്ത് ജൂണ്‍ മാസത്തോടെ കോവിഡിന്റെ പുതിയ തരംഗം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ചൈനയുടെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി രണ്ട് പുതിയ വാക്സിനുകള്‍ക്ക് അംഗീകാരം ലഭിച്ചതായാണ് വിവരം.
കോവിഡിന്റെ പുതിയ തരംഗം ആഴ്ചയില്‍ ഏകദേശം 65 ദശലക്ഷം ആളുകളെ ബാധിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ചൈനയില്‍ സീറോ-കോവിഡ് നയം ഉപേക്ഷിച്ചതിനുശേഷം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ രോഗങ്ങളുടെ തരംഗമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഇതേ തുടര്‍ന്നാണ് വാക്സിനുകള്‍ വികസിപ്പിക്കാന്‍ തിരക്കിട്ട നീക്കം ചൈന നടത്തുന്നത്.
XBB ഒമിക്രോൺ സബ് വേരിയന്റുകളെ തടയാന്‍ (XBB. 1.9.1, XBB. 1.5, XBB. 1.16 എന്നിവയുൾപ്പെടെ) രണ്ട് പുതിയ വാക്സിനേഷനുകൾക്ക് പ്രാഥമിക അനുമതി നൽകിയതായി പ്രമുഖ ചൈനീസ് എപ്പിഡെമിയോളജിസ്റ്റ് സോങ് നാൻഷാൻ പറഞ്ഞു. അതേസമയം, തരംഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്ന് ചൈനയിലെ ഏതാനും ചില ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ട്. എന്നാൽ രാജ്യത്തെ വയോജനങ്ങളുടെ ഇടയിൽ മരണനിരക്ക് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ വാക്സിനേഷൻ ബൂസ്റ്റർ പ്രോഗ്രാമുകള്‍ ആവശ്യമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധർമാര്‍ വാദിക്കുന്നു.