കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് സിപിഎം ആരോപണം. തലശേരി ന്യൂ മാഹിക്ക് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങവേ വീടിനു സമീപത്ത് വച്ചാണ് വെട്ടേറ്റത്. വെട്ടേറ്റ് കൈവിരലുകള്‍ അറ്റു. കാല് മുറിച്ചുമാറ്റിയ നിലയിലായിരുന്നു. വീടിന് അടുത്ത് വച്ച് ബന്ധുക്കളുടെ മുന്നിലിട്ടാണ് അരുംകൊല നടത്തിയത്.
രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് കൊല നടത്തിയത്. ഇവരെ തടയാന്‍ ശ്രമിച്ച സഹോദരന് സുരനും വെട്ടേറ്റു. സുരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിദാസിന്റെ മൃതദേഹം തലശേരി സഹകരണ ആശുപത്രി മോര്‍ച്ചറിയിലാണ്. ഒരാഴ്ച മുമ്പ് പുന്നോലില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഉത്സവുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം.
പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സിപിഐഎം. തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലുമാണ് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ഹരിദാസിന്റേത് ആസൂത്രിത കൊലപാതകമെന്ന് തലശേരി മുന്‍സിപ്പല്‍ ചെയര്മാന് സി.കെ രമേശന് ആരോപിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന അന്തരീക്ഷത്തില്‍ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കൊലപാതകമെന്നും ആര്‍എസ്എസ് നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കൊലപാതകമാണ് ഇതെന്നും രമേശന് ആരോപിച്ചു.
തലശ്ശേരി കൊമ്മല്‍ വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ വിജേഷിന്റെ പ്രസംഗത്തിന് ശേഷമാണ് കൊലപാതകം നടന്നതെന്നും ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തില്‍ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് പ്രതികരിച്ചു. പ്രകോപനപരമായ പ്രസ്തുത പ്രസംഗത്തിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആരോപണം തള്ളി ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. കൊലയുമായി യാതൊരു ബന്ധവുമില്ല. പോലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തട്ടെ. പൊലീസിന്റെ ജോലി സിപിഎം എടുക്കണ്ടായെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു.
കേസില്‍ അന്വേഷണം ഊര്‍ജിതമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതല്‍ പോലീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. കൊലയ്ക്ക് പിന്നില്‍ ആര് എസ് എസ് ബന്ധം സി പി എം ആരോപിച്ച സ്ഥിതിക്ക് അക്രമം ഉണ്ടാകാനുള്ള സാധ്യത പോലീസ് മുന്നില്‍ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ അക്രമം ഉണ്ടാകാതിരിക്കാന്‍ പോലീസും അതീവ ജാഗ്രതയിലാണ് .