Tuesday, November 26, 2024

ജോഷിമഠില്‍ അഞ്ച് വീടുകളില്‍ കൂടി വിള്ളലുകള്‍

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ വീണ്ടും വീടുകളിൽ വിള്ളലുകള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍. മലയോര നഗരത്തിലെ അഞ്ച് പുതിയ കെട്ടിടങ്ങളിലാണ് ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം കണ്ടെത്തിയത്. പുതുതായി വിളളലുകള്‍ രൂപപ്പെട്ട വീടുകളില്‍ ക്രാക്കോമീറ്റർ സ്ഥാപിച്ചു നിരീക്ഷിക്കുകയാണ്.

‘പുതിയ വിള്ളലുകൾ കണ്ട അഞ്ച് വീടുകളിൽ ക്രാക്കോമീറ്റർ സ്ഥാപിച്ചിട്ടുണ്ട്. പരിശോധന തുടരുകയാണ്. സ്ഥിതി അൽപ്പമെങ്കിലും വഷളായാൽ ഇവിടെ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കും’ ചമോലി ജില്ലാ മജിസ്ട്രേറ്റ് ഹിമാൻഷു ഖുറാന വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുതിയ വിള്ളലുകളൊന്നും ജോഷിമഠില്‍ കണ്ടെത്തിയിരുന്നില്ല. പുതുതായി അഞ്ച് വീടുകളില്‍ കൂടി വിള്ളലുകള്‍ കണ്ടെത്തിയതോടെ ജോഷിമഠിൽ ഭൂമി വിണ്ടുകീറുന്ന പ്രതിഭാസമുള്ള കെട്ടിടങ്ങളുടെ എണ്ണം 868 ആയി ഉയർന്നു.

ദുരിതബാധിതർക്ക് ജില്ലാ ഭരണകൂടം ഇതുവരെ 497.30 ലക്ഷം രൂപ വിതരണം ചെയ്തു. കൂടാതെ 2,177 ഭക്ഷണ കിറ്റുകൾ, 2,729 ബ്ലാങ്കറ്റുകൾ ഉള്‍പ്പടെ അവശ്യ വസ്തുക്കളും ദുരിതബാധിതര്‍ക്ക് എത്തിച്ചിട്ടുണ്ട്. ഇതുവരെ 243 കുടുംബങ്ങളെയാണ് ജില്ലാ ഭരണകൂടം താത്കാലികമായി വിവിധ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് ജോഷിമഠില്‍ എൻഡിആർഎഫിന്റെ രണ്ട് ടീമുകളിലായി 93 ജവാന്മാരെയും എസ്ഡിആർഎഫിന്റെ 12 ടീമുകളിലായി 100 ജവാന്മാരെയും ജോഷിമഠിൽ വിന്യസിപ്പിച്ചിട്ടുണ്ട്.

Latest News