നേപ്പാളില്‍ തകര്‍ന്നുവീണ യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നാല് ഇന്ത്യക്കാരടക്കം 22 പേരുമായി പോയ വിമാനം യാത്രാമധ്യേ തകരുകയായിരുന്നു. മുസ്തങ്ങ് ജില്ലയിലെ കോവാങ്ങില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സൈന്യം കണ്ടെത്തിയതെന്ന് നേപ്പാള്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനം തകര്‍ന്നുവീണ പ്രദേശം ഞായറാഴ്ച തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ശക്തമായ മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തില്‍ രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങളുടെ ചിത്രം നേപ്പാള്‍ സൈന്യം പുറത്തുവിട്ടു. എന്നാല്‍ യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. തിരച്ചില്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ വ്യക്തമാക്കുമെന്നും നേപ്പാള്‍ സൈനിക വക്താവ് ട്വീറ്റ് ചെയ്തു.
കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. 43 വര്‍ഷം പഴക്കമുള്ള 9 എന്‍-എഇടി ഇരട്ട എന്‍ജിന്‍ വിമാനമാണിത്. നേപ്പാളിലെ പൊഖാറയില്‍നിന്നും ജോംസമിലേക്ക് രാവിലെ 9.55ഓടെയാണ് വിമാനം യാത്ര പുറപ്പെട്ടത്. 15 മിനിറ്റുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടമാവുകയായിരുന്നു. നാല് ഇന്ത്യക്കാരെക്കൂടാതെ രണ്ട് ജര്‍മന്‍ പൗരന്‍മാരും 13 നേപ്പാളി യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരായ നാല് ഇന്ത്യക്കാരും മുംബൈ സ്വദേശികളാണെന്ന് വിവരം.