Thursday, November 28, 2024

‘ലൂണ 25’ ഇടിച്ചിറങ്ങിയ പ്രദേശത്ത് ഗർത്തം

റഷ്യയുടെ ചാന്ദ്രദൗത്യമായ ‘ലൂണ 25’ ഇടിച്ചിറങ്ങിയ പ്രദേശത്ത് ഗർത്തം രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 10 മീറ്റർ വ്യാസമുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടതെന്ന് നാസ അറിയിച്ചു.

കഴിഞ്ഞ മാസമാണ് റഷ്യയുടെ ലൂണ 25’ പേടകം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. ഇതിന്റെ ആഘാതത്തിൽ ചന്ദ്രനിൽ ഗര്‍ത്തം രൂപപ്പെട്ടെന്നാണ് നാസയുടെ വാദം. ലൂണ ഇടിച്ചിറങ്ങിയ പ്രദേശത്തിന്റെ എല്‍ആര്‍ഒ പകർത്തിയ പുതിയ ചിത്രവും 2022 ജൂണിൽ പകർത്തിയ ചിത്രവും നാസ പങ്കവുച്ചു. പുതിയ ചിത്രത്തിൽ കാണുന്ന ഗർത്തം 2022ലെ ചിത്രത്തിലില്ല. ഇതേ തുടർന്നാണ് ദൗത്യത്തിന്റെ ആഘാതം മൂലമാണ് ഈ ഗർത്തം രൂപപ്പെട്ടതെന്ന നിഗമനത്തില്‍ നാസ എത്തിയത്.

47 വർഷങ്ങൾക്ക് ശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ആഗസ്റ്റ് 19ന് മോസ്കോ സമയം 2.57നാണ് പേടകവുമായി ബന്ധം നഷ്ടമായത്. 20 ന് ബന്ധം വീണ്ടെടുത്തെങ്കിലും പേടകത്തെ നിയന്ത്രിക്കാനായില്ല. ഭൂമിയുമായുള്ള ബന്ധം നഷ്ടമായ പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നു. പേടകത്തിന് സാങ്കേതിക തകരാർ വന്നതാണ് ദൗത്യം പ്രതിസന്ധിയിലാകാൻ കാരണം.

Latest News