സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മഹാരാഷ്ട്ര നിയമ യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അദ്ദേഹം തന്നെ 2018 ല്‍ വിധി പ്രഖ്യാപിച്ച നവതേജ് സിങ് ജോഹര്‍ കേസിലെ സംഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു പ്രസ്താവന. കാലത്തിന് അനുയോജ്യമല്ലാത്ത നിയമമാണ് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377ാം വകുപ്പെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വകാര്യതയ്ക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരാണിതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മനുഷ്യര്‍ ഒറ്റപ്പെടുകയും തങ്ങളിലേക്ക് തന്നെ ചുരുങ്ങുകയും ചെയ്തത് സമൂഹ മാധ്യമത്തിന്റെ വരവോടെയാണ്. സമൂഹത്തില്‍ ജീവിക്കേണ്ടതിന്റെ ആവശ്യകതയും ഒരു സാമൂഹ്യ ജീവിയായിരിക്കുക എന്നതിന്റെ അര്‍ഥവും അദ്ദേഹം വ്യക്തമാക്കി. നിയമത്തിന് ഒരു വൈമുഖ്യ സ്വഭാവമുണ്ടന്നും എന്നാല്‍ ആ സ്വഭാവം ന്യായാധിപന്മാരിലും നിയമപാലകരിലും കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ മൂല്യം സംരക്ഷിക്കേണ്ട തലത്തിലേക്ക് വരുമ്പോള്‍ വിവേചനാധികാരം ഉപയോഗിക്കണെമന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.