Friday, April 11, 2025

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം ഇനി കാര്യക്ഷമത നോക്കി; ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ സേവനം മെച്ചപ്പെടുത്താന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ജോലിയും കാര്യക്ഷമതയും വിലയിരുത്തി മാത്രമായിരിക്കും ഇനി മുതല്‍ സ്ഥാനക്കയറ്റം ലഭിക്കുക. ഫയലുകള്‍ വൈകിപ്പിക്കുന്നവരുടെ സ്ഥാനക്കയറ്റം തടയും. ജനങ്ങളോട് മോശമായി പെരുമാറിയാലും സ്ഥാനക്കയറ്റത്തെ ബാധിക്കും. ഭരണപരിഷ്‌കാര വകുപ്പിന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ സര്‍വീസ് റൂളിന്റെ ഭാഗമാക്കി. ഇതോടെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയുള്ള സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കും.

സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ജീവനക്കാരുടെ പെരുമാറ്റവും, അച്ചടക്കവും, കാര്യക്ഷമതയും വിലയിരുത്തിയ ശേഷം മാത്രമേ സ്ഥാനക്കയറ്റം ലഭിക്കുകയുള്ളു. ഫയലുകള്‍ അകാരണമായി താമസിപ്പിക്കുക, ജോലി സമയത്ത് സീറ്റിലില്ലാതിരിക്കുക, ജനങ്ങളോട് മോശമായി പെരുമാറുക എന്നിങ്ങനെ എല്ലാം മേലുദ്യോഗസ്ഥര്‍ പരിശോധിക്കും.

നിലവിലെ രീതി വെറും കോളം പൂരിപ്പിക്കലാണെന്നാണ് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം. ജോലിയുടെ മേന്മയോ അളവോ മാനദണ്ഡമാക്കുന്നില്ല. ഗ്രേഡിങ് സംവിധാനം മാറ്റി ഇനി മുതല്‍ മാര്‍ക്കിടല്‍ ആയിരിക്കും ഏര്‍പ്പെടുത്തുക. പത്തില്‍ അഞ്ച് മാര്‍ക്ക് പോലും ലഭിക്കാത്തവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.

ഉദ്യോഗസ്ഥരെ ഗസറ്റഡ്, നോണ്‍ഗസറ്റഡ് എന്നിങ്ങനെ തിരിച്ച് സ്‌കോര്‍ അടിസ്ഥാനമാക്കിയായിരുന്നു ഇതുവരെ സ്ഥാനക്കയറ്റം നിശ്ചയിച്ചിരുന്നത്. ഗസറ്റഡ് ഓഫിസര്‍മാര്‍ക്ക് പതിമൂന്നും നോണ്‍ ഗസറ്റഡ് ഓഫിസര്‍മാര്‍ക്ക് ഒമ്പതുമായിരുന്നു മുമ്പുള്ള സ്‌കോര്‍. ഇനി മുതല്‍ ഇരുവര്‍ക്കും 20 മാര്‍ക്കായി നിശ്ചയിച്ചു.

 

Latest News