Sunday, November 24, 2024

ഭരണകൂടത്തെ വിമര്‍ശിച്ചു: പ്രമുഖ ഇറാനിയന്‍ ഗായകനെ പൊലീസ് അറസ്റ്റ് ചെയ്തു

‘ടാറ്റലൂ’ എന്നറിയപ്പെടുന്ന അമിർഹോസൈൻ മഗ്‌സൗദ്‌ലൂ എന്ന ഇറാനിയന്‍ ഗായകനെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ നേതാക്കളെ വിമര്‍ശിച്ചതിനെതുടര്‍ന്നാണ് ഗായകനെ അറസ്റ്റ് ചെയ്തതെന്നാണ് അഭ്യൂഹം. ബുധനാഴ്ച വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തുര്‍ക്കിയില്‍ താമസിക്കുന്ന ടാറ്റലൂ, തുടര്‍ച്ചയായി ഇറാനിയന്‍ ഭരണാധികാരികളെയും നേതാക്കളെയും വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച ടാറ്റലൂവിനെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് അസർബൈജാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ഇറാൻ അധികൃതർക്ക് കൈമാറുകയും ചെയ്തതായാണ് ഐ.ആര്‍.എന്‍.എ യുടെ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇറാന്‍ നേതാക്കളെ വിമര്‍ശിച്ചതിനാണ് അറസ്റ്റ് എന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തയില്ലെന്നും ഐ.ആര്‍.എന്‍.എ പറയുന്നു.

അതേസമയം, ഇസ്താംബൂളിലെ വീട്ടിലേക്ക് പ്രായപൂർത്തിയാകാത്തവരെ ഇയാള്‍ ക്ഷണിച്ചുവരുത്തിയിരുന്നതായും ആരോപണമുണ്ട്. ഇതേ തുടര്‍ന്ന് നിരവധി പരാതികള്‍ ടാറ്റലൂവിനെതിരെ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇറാനിയന്‍ നേതാക്കളെ വിമര്‍ശിക്കുന്നവരെ അടുത്ത മാസങ്ങളിൽ ലൈംഗികചൂഷണം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest News