ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിലെ എലിമെൻ്ററി സ്‌കൂളിലുണ്ടായ കത്തി ആക്രമണത്തിൽ ഏഴുവയസ്സുകാരിയായ വിദ്യാർത്ഥിനി കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
സ്കൂളിലെ പൂർവ വിദ്യാർത്ഥിയും 19 കാരനുമായ അക്രമി പ്രെക്കോ എലിമെൻ്ററി സ്കൂളിലെ ഒന്നാം ക്ലാസ് മുറിയിൽ പ്രവേശിച്ച് അധ്യാപകനെയും നിരവധി കുട്ടികളെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ പരിക്കേറ്റ അധ്യാപകന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ അഞ്ച് പേരിൽ മൂന്ന് പേർ വിദ്യാർത്ഥികളാണ്. അവരുടെ പരിക്കുകൾ ഗുരുതരമല്ല.
ആക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ അക്രമിയെ പൊലീസിന് കീഴടക്കാനായത് അക്രമത്തിന്റെ വ്യാപ്തി കുറച്ചുവെന്നു അധികൃതർ അഭിപ്രായപ്പെട്ടു.
അഞ്ച് വർഷം മുമ്പ് ഇതേ സ്കൂളിൽ നിന്നും ബിരുദം നേടിയ അക്രമി സ്കൂളിന്റെ സമീപത്താണ് താമസിക്കുന്നത്. തന്റെ മകൻ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും അതിനു വേണ്ട ചികിത്സ നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും അക്രമിയുടെ ‘അമ്മ സംഭവത്തോട് പ്രതികരിച്ചു.
ക്രൊയേഷ്യയിലും ബാൾക്കൻ മേഖലയിലും സ്കൂൾ ആക്രമണങ്ങൾ അപൂർവമാണ്. അപ്രതീക്ഷിതമായി നടന്ന സംഭവത്തിന്റെ ഞെട്ടലിലാണ് രാജ്യം.