അനധികൃതമായി അമേരിക്കന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച വിദേശ പൗരന്മാര്‍ യുഎസ് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പടെ അഞ്ച് പേരെയാണ് യുഎസ് പിടികൂടിയത്. യുഎസ് സംസ്ഥാനമായ മിഷിഗണിലെ അൽഗോനാക്കിനു സമീപത്തു നിന്നാണ് ഇവർ പിടിയിലായത്.
കാനഡയില്‍ നിന്നും ബോട്ടു മാര്‍ഗം അമേരിക്കയിലേക്ക് കടക്കാനായിരുന്നു അഞ്ചംഗ സംഘത്തിന്‍റെ ശ്രമം. എന്നാല്‍ ഈ നീക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തുകയായിരുന്നു. ഇന്ത്യക്കാര്‍ക്ക് പുറമേ നൈജീരിയ, മെക്സികോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ പൗരന്മാരാണ് പിടിയിലായ മറ്റുള്ളവര്‍. കസ്റ്റഡിയിലെടുത്ത അഞ്ചംഗ സംഘത്തെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.
യുഎസിന്‍റെ വീഡിയോ നിരീക്ഷണ സംവിധാനത്തില്‍ ഫെബ്രുവരി 20 -നാണ് അഞ്ചംഗ സംഘം സഞ്ചരിച്ച ബോട്ട് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇവരുടെ നീക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരുകയായിരുന്നു. അമേരിക്കന്‍ അതിര്‍ത്തി പിന്നിട്ടതിനു പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശൈത്യം രൂക്ഷമായതിനാല്‍ രണ്ടു പേര്‍ പൂര്‍ണ്ണമായും തണുത്തു വിറച്ച അവസ്ഥയിലായിരുന്നു. ചോദ്യം ചെയ്യലില്‍ കാനഡയിൽ നിന്ന് ബോട്ടിൽ അതിർത്തി കടന്നതായി അഞ്ചുപേരും സമ്മതിച്ചു.