Friday, April 11, 2025

നൈജീരിയയിൽ ഫൺ ഫെയറിനെത്തിയത് വൻ ജനക്കൂട്ടം: തിക്കിലും തിരക്കിലും പെട്ട് 35 കുട്ടികൾ മരിച്ചു

തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒരു ഫൺഫെയറിൽ ബുധനാഴ്ച ഫാൻ ഫെയറിൽ പങ്കെടുക്കാൻ എത്തിയ ആൾക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 35 കുട്ടികൾ കൊല്ലപ്പെടുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഇബാഡൻ നഗരത്തിലെ ഇസ്ലാമിക് സ്കൂളിൽ നടന്ന സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായി ഓയോ സ്റ്റേറ്റ് പോലീസ് വക്താവ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

അറസ്റ്റിലായവരിൽ പരിപാടിയുടെ പ്രധാന സ്പോൺസറും ഉൾപ്പെടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. വിമൻ ഇൻ നീഡ് ഓഫ് ഗൈഡൻസ് ആൻഡ് സപ്പോർട്ട് (വിംഗ്) എന്ന സംഘം ആണ് പരിപാടിയുടെ സംഘാടകർ. 13 വയസ്സിന് താഴെയുള്ള 5,000 കുട്ടികൾക്ക് സൌജന്യ പരിപാടിയിൽ ആതിഥേയത്വം വഹിക്കാൻ തക്കവിധത്തിലായിരുന്നു പരിപാടി ക്രമീകരിച്ചിരുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സ്കോളർഷിപ്പ് പോലുള്ള സമ്മാനങ്ങൾ നേടാനാകും. എന്നാൽ അപ്രതീക്ഷിതമായി കൂടുതൽ ആളുകൾ പങ്കെടുക്കാൻ എത്തുകയായിരുന്നു. ഇതേത്തുടർന്നുണ്ടായ അപകടത്തിലാണ് ഇത്രയധികം കുട്ടികൾ കൊല്ലപ്പെട്ടത്.

നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു തന്റെ വക്താവിന്റെ പ്രസ്താവനയിലൂടെ അനുശോചനം അറിയിച്ചതായി സ്റ്റേറ്റ് വാർത്താ ഏജൻസി നാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. “ദുഃഖത്തിന്റെ ഈ നിമിഷത്തിൽ, പ്രസിഡന്റ് ടിനുബു ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഈ നിർഭാഗ്യകരമായ സംഭവത്തിൽ മരിച്ചവരുടെ ആത്മാവിന് സർവ്വശക്തനായ ദൈവം സമാധാനം നൽകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു”, പ്രസ്താവനയിൽ പറയുന്നു. സമാനമായ ദുരന്തം ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഓയോ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചതായും നാൻ റിപ്പോർട്ട് ചെയ്യുന്നു.

ഇത് വളരെ ദുഃഖകരമായ ദിവസമാണെന്ന് ഓയോ സ്റ്റേറ്റ് ഗവർണർ സെയ് മാകിൻഡെ പറഞ്ഞു.

Latest News