ഈശോയുടെ കാൽവരി യാത്രയിലും കുരിശുമരണനേരത്തും തലയിൽ വച്ചിരുന്ന മുൾക്കിരീടം നോട്രെ ഡാം കത്തീഡ്രലിൽ പുനഃപ്രതിഷ്ഠിച്ചു. ക്രിസ്റ്റൽ, ഗോൾഡ് ട്യൂബ് എന്നിവയിൽ പൊതിഞ്ഞ മുൾക്കിരീടം പാരീസ് ആർച്ച്ബിഷപ്പ് ലോറന്റ് ഉൾറിച്ചിന്റെ മേൽനോട്ടത്തിൽ പുനർനിർമിച്ച കത്തീഡ്രലിലേക്ക് തിരികെ കൊണ്ടുവന്നു.
1239 ൽ കോൺസ്റ്റാന്റിനോപ്പിളിൽ ഫ്രാൻസിലെ ലൂയിസ് ഒൻപതാമൻ രാജാവ് 1,35,000 ലിവറിനു സ്വന്തമാക്കിയാണ് ഈ അമൂല്യ തിരുശേഷിപ്പ്. തുടക്കത്തിൽ സെയ്ന്റ്-ചാപ്പലെയിൽ സൂക്ഷിച്ചിരുന്ന ഇത് 1806 ൽ നോട്രെ-ഡാമിന്റെ ട്രഷറിയിലേക്കു മാറ്റി. 850 വർഷം പഴക്കമുള്ള കത്തീഡ്രലിൽ തീ പടരുന്നതുവരെ ഈ തിരുശേഷിപ്പ് അവിടെ സൂക്ഷിച്ചിരുന്നു.
അഗ്നിബാധയെ തുടർന്ന് കത്തീഡ്രൽ വിപുലമായ നവീകരണത്തിനു വിധേയമായ കാലഘട്ടത്തിൽ ലൂവർ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന കിരീടം നവീകരണത്തിനുശേഷം പുതിയ സ്ഥലത്ത് പ്രതിഷ്ഠിച്ചു. നൈറ്റ്ഹുഡിന്റെ കത്തോലിക്കാ ഓർഡറായ ഇക്വസ്ട്രിയൻ ഓർഡർ ഓഫ് ഹോളി സെപൾച്ചറിലെ അംഗങ്ങൾ പങ്കെടുത്ത ഘോഷയാത്രയോടെയാണ് തിരുശേഷിപ്പ് വീണ്ടും ദൈവാലയത്തിൽ പ്രതിഷ്ഠിച്ചത്.
ജനുവരി 10 മുതൽ പൊതുജനങ്ങൾക്കായി മുൾക്കിരീടം പ്രദർശിപ്പിക്കുമെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബൈബിൾ പറയുന്നതനുസരിച്ച്, യേശുവിനെ പിടികൂടിയവർ അദ്ദേഹത്തെ വേദനിപ്പിക്കാനും അധികാരത്തെക്കുറിച്ചുള്ള അവകാശവാദത്തെ പരിഹസിക്കാനും മുൾപടർപ്പിന്റെ കിരീടം ഉപയോഗിച്ചു.