Monday, November 25, 2024

ഘാനയിലെ വെള്ളപ്പൊക്കം ദീർഘകാല പട്ടിണിക്കും രോഗങ്ങൾക്കും കാരണമാകുമെന്ന് മുന്നറിയിപ്പു നൽകി കാത്തലിക് റിലീഫ് സർവീസസ്

പശ്ചിമാഫ്രിക്കൻ പ്രദേശമായ ഘാനയിൽ നാശംവിതച്ച വെള്ളപ്പൊക്കം ദീർഘകാല പട്ടിണിക്കും രോഗങ്ങൾക്കും കാരണമാകുമെന്ന് കാത്തലിക് റിലീഫ് സർവീസസ് (CRS) മുന്നറിയിപ്പു നൽകി. 2023 ഒക്ടോബറിൽ അക്കോസോംബോ, ക്‌പോംഗ് അണക്കെട്ടുകളുടെ ചോർച്ചയിലൂടെ വെള്ളത്തിലായ ഘാന, നേരിടാൻ സാധ്യതയുള്ള കനത്ത മാനുഷികപ്രതിസന്ധിയെക്കുറിച്ചുള്ള മുന്നറിയിപ്പ് നവംബർ 14 -നാണ് സി.ആർ.എസ് പങ്കുവച്ചത്.

അണക്കെട്ടുകളിൽ നിന്നുണ്ടായ ചോർച്ചയിലൂടെ ഘാനയുടെ ഭാഗമായ വോൾട്ട തടാകത്തിൽ വെള്ളം അനിയന്ത്രിതമായി ഉയർന്നതാണ് അപകടകരമായ വെള്ളപ്പൊക്കത്തിലേക്കു നയിച്ചത്. “വെള്ളപ്പൊക്കത്തിൽ ഇതിനകം ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ വീടുകളും വിളകളും കന്നുകാലികളും നഷ്ടപ്പെട്ടു. 2,00,000 ഹെക്ടർ വെള്ളത്താൽ മൂടപ്പെട്ടിരിക്കുന്നതിനാൽ ഇത് വലിയതോതിലുള്ള കൃഷിനാശത്തിനു കാരണമായിട്ടുണ്ട്. ഇത് ദീർഘകാല പട്ടിണി, രോഗങ്ങൾ എന്നീ പ്രത്യാഘാതങ്ങൾക്കു കാരണമാകും” – ഘാനയിലെ ദുരിതാശ്വാസ സംഘടനയുടെ രാജ്യപ്രതിനിധി ഡാനിയേൽ മുമുനി വെളിപ്പെടുത്തി.

“സർക്കാരിൽനിന്നും മറ്റു ദുരിതാശ്വാസമുന്നേറ്റങ്ങൾവഴിയും ലഭിക്കുന്ന സഹായങ്ങൾ ദുരിതബാധിതരുടെ അടിസ്ഥാന ആവശ്യങ്ങൾപോലും ലഭ്യമാക്കാൻ പര്യാപ്തമല്ല. വൈദ്യുതി വിതരണങ്ങൾ, ആരോഗ്യസേവനങ്ങൾ, വിദ്യാഭ്യാസം എന്നിവയെല്ലാം വെള്ളപ്പൊക്കംമൂലം തടസ്സപ്പെട്ടു. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളായ കോളറ, ഛർദ്ദി, ടൈഫോയ്ഡ് എന്നിവയ്ക്കുള്ള സാധ്യതകളും ഏറെയാണ്” – സി.ആർ.എസ് വ്യക്തമാക്കി.

Latest News