യുക്രൈനു മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവില്‍ ക്രൂഡ് ഓയിലിന്റെ വില. ഇത് 13 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്. ഇതോടെ ഇന്ത്യയില്‍ ഇന്ധന വില വര്‍ധിച്ചേക്കുമെന്നാണ് സൂചന.
ഇന്ത്യയില്‍ പെട്രോളിന് ഒറ്റയടിക്ക് 22 രൂപ വരെ കൂടിയേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ക്രൂഡ് വിലയിലെ വര്‍ധന രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയര്‍ത്തും. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്ന സ്ഥിതിയുമുണ്ട്.
5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കുന്ന സാഹചര്യവും ഇന്ധന വില കൂടുമെന്ന പ്രതീതി ശക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വോട്ടിംഗ് കഴിഞ്ഞാലുടന്‍ ഇന്ധനവില ഉയരും എന്നാണ് വിലയിരുത്തല്‍.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ അസാധാരണ കുതിപ്പാണ് നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളര്‍ വരെ ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയില്‍ വില ഒന്‍പത് ശതമാനമാണ് ഉയര്‍ന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയില്‍ മാറ്റമില്ലാതെ തുടരുന്ന പെട്രോള്‍ – ഡീസല്‍ വിലയിലും കാര്യമായ വാര്‍ധനവുണ്ടാകുമെന്നാണ് വിവരം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില 85 ഡോളറില്‍ നില്‍ക്കുമ്പോഴാണ് അവസാനമായി ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നത്.