വിലക്കയറ്റവും തൊഴിലില്ലായ്മയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന ഘടകമാകുമെന്ന് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്)-ലോക്‌നീതി പ്രീ പോള്‍ സര്‍വേ.
ജോലി ലഭിക്കുകയെന്നത് വന്‍ വെല്ലുവിളിയാണെന്നു സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനം പേരും അഭിപ്രായപ്പെട്ടു. തൊഴില്‍സാധ്യത മെച്ചപ്പെട്ടതായി 12 ശതമാനം പേരാണു പറഞ്ഞത്. തൊഴില്‍ ലഭിക്കാന്‍ പ്രയാസമാണെന്ന് 67 ശതമാനം മുസ്ലിംകളും 59 ശതമാനം ഒബിസി വിഭാഗക്കാരും 57 ശതമാനം മുന്നാക്കക്കാരും പറയുന്നു.
തൊഴിലില്ലായ്മയ്ക്കു കേന്ദ്രസര്‍ക്കാരിനെ 21 ശതമാനം പേര്‍ കുറ്റപ്പെടുത്തുന്‌പോള്‍ 17 ശതമാനം പേര്‍ സംസ്ഥാന സര്‍ക്കാരുകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സംയുക്ത ഉത്തരവാദിത്തമാണെന്നാണ് 57 ശതമാനം പേരുടെ അഭിപ്രായം. രാജ്യത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് 2000ല്‍ 35.2 ശതമാനമായിരുന്നെങ്കില്‍ 2022ല്‍ 65.7 ശതമാനമായി ഉയര്‍ന്നു.
വിലക്കയറ്റത്തിന് കേന്ദ്രസര്‍ക്കാരിനെ 26 ശതമാനം പേര്‍ കുറ്റപ്പെടുത്തുന്നു. 12 ശതമാനം പേര്‍ സംസ്ഥാനങ്ങള്‍ക്കാണ് ഉത്തരവാദിത്വമെന്നു പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ 56 ശതമാനം പേര്‍ കുറ്റപ്പെടുത്തുന്നു. അഞ്ചു വര്‍ഷത്തിനിടെ അഴിമതി വര്‍ധിച്ചെന്ന് 55 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇതില്‍ കൂടുതല്‍ പേരും കേന്ദ്രസര്‍ക്കാരിനെയാണു കുറ്റപ്പെടുത്തുന്നത്. ജീവിതനിലവാരം മെച്ചപ്പെട്ടുവെന്ന് 48 ശതമാനം പേര്‍ പറയുന്‌പോള്‍ അഞ്ചു വര്‍ഷംകൊണ്ട് സ്ഥിതി മോശമായെന്ന് 35 ശതമാനം പേര്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മ പ്രധാന വിഷയമാകുമെന്ന് 27 ശതമാനം പേരും പ്രതികരിച്ചു. വിലക്കയറ്റം പ്രധാന വിഷയമാകുമെന്ന് അഭിപ്രായപ്പെട്ടവര്‍ 23 ശതമാനമാണ്. വികസനം ചര്‍ച്ചയാകുമെന്ന് 13 ശതമാനം പേരും അഴിമതി ചര്‍ച്ചയാകുമെന്ന് എട്ടു ശതമാനം പേരും അഭിപ്രായപ്പെട്ടു.
അയോധ്യയിലെ രാമക്ഷേത്രം ചര്‍ച്ചയാകുമെന്ന് വിലയിരുത്തിയത് എട്ടു ശതമാനം പേരാണ്. 100 ലോക്‌സഭാ മണ്ഡലങ്ങളിലെ 400 പോളിംഗ് സ്റ്റേഷനുകളിലാണ് സര്‍വേ നടത്തിയത്.