കമ്യൂണിസ്റ്റ് ക്യൂബയില്‍ ഭക്ഷണവും വൈദ്യുതിയുമില്ലാതെ പൊറുതിമുട്ടിയ ജനം ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സാന്തിയാഗോയിലാണ് അപൂര്‍വ പ്രതിഷേധം. ഹവാനയില്‍നിന്ന് 800 കിലോമീറ്റര്‍ കിഴക്കുള്ള ഇവിടെ ദിവസം 14 മണിക്കൂര്‍ പവര്‍കട്ടാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു ക്യൂബ കടന്നുപോകുന്നത്. അമേരിക്കയുടെ ഉപരോധങ്ങളാണ് ഇതിനു കാരണമെന്നു പ്രസിഡന്റ് മിഗ്വല്‍ ഡയസ് കാനലിന്റെ ഭരണകൂടം ആരോപിക്കുന്നു.
കോവിഡ് മഹാവ്യാധിയോടെ ക്യൂബയുടെ നില കൂടുതല്‍ പരുങ്ങലിലാണ്. ഫെബ്രുവരിയില്‍ സര്‍ക്കാര്‍ യുഎന്നിനോട് ഭക്ഷണം തന്നു സഹായിക്കണമെന്നഭ്യര്‍ഥിച്ചു. ഏഴു വയസിനു താഴെയുള്ള കുട്ടികള്‍ക്കായി പാല്‍പ്പൊടി ചോദിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു.
ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ധനമില്ലാത്തതാണു വൈദ്യുതി പ്രതിസന്ധിക്കു കാരണം. മരുന്നുകളുടെ അഭാവവും ക്യൂബ നേരിടുന്നുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ പണപ്പെരുപ്പം 30 ശതമാനത്തിലെത്തി. എന്നാല്‍, യഥാര്‍ഥ കണക്ക് ഇതിലും വളരെ ഉയരത്തിലായിരിക്കുമെന്നാണ് അനുമാനം. സമാധാനത്തോടെ പ്രതിഷേധിക്കുന്ന ജനങ്ങളുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും ക്യൂബന്‍ ഭരണകൂടം മാനിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു.