ജമ്മു കശ്മീരിലെ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ചിനാബ് താഴ്വരയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. ശ്രീനഗറിലും ഇന്റര്‍നെറ്റ് വിലക്കും കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായി നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ഭാദേര്‍വ ടൗണിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കര്‍ഫ്യൂ നിലവിലുള്ള നഗരങ്ങളില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്താന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി.
പ്രദേശത്തെ സാമുദായിക സൗഹാര്‍ദത്തെ ബാധിക്കുന്ന ഒരു കാര്യവും മാധ്യമങ്ങള്‍ പങ്കുവയ്ക്കരുതെന്ന് ഡോഡ ജില്ലാ ഭരണകൂടം മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവനയെ പരസ്യമായി അംഗീകരിച്ച് ചിലര്‍ രംഗത്തെത്തിയതോടെയാണ് ഭാദേര്‍വയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് പ്രദേശത്തെ പള്ളിയില്‍ പ്രകോപനപരമായ പ്രസംഗവും പ്രതിഷേധവും ഉണ്ടായി.