രാജ്യത്ത് വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊളംബോയുടെ വിവിധ മേഖലകളില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ചു. സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നുവെന്ന് കണ്ടതോടെയാണ് കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപോര്‍ട്ട്. പ്രതിഷേധത്തെത്തുടര്‍ന്ന് 45 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഒരു സ്ത്രീ അടക്കമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കര്‍ഫ്യൂ പിന്‍വലിച്ചതെന്ന് പോലീസ് വക്താവ് എസ്എസ്പി നിഹാല്‍ തല്‍ദുവയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ അഞ്ച് പോലീസ് ഓഫീസര്‍മാര്‍ക്ക് പരുക്ക് പറ്റിയതായി പോലീസ് വക്താവ് അറിയിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു പോലീസ് ബസ്, ജീപ്പ്, 2 ബൈക്കുകള്‍ എന്നിവ പ്രതിഷേധക്കാര്‍ നശിപ്പിച്ചു എന്നും പോലീസ് വക്താവ് പറഞ്ഞു. പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. രാജപക്‌സ കുടുംബത്തിലെ എല്ലാവരും സ്ഥാനമൊഴിയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കൊളംബോ നോര്‍ത്ത്, സൗത്ത്, കൊളംബോ സെന്‍ട്രല്‍, നുഗെഗോഡ, മൗണ്ട് ലാവിനിയ, കെലാനിയ എന്നീ പോലിസ് ഡിവിഷനുകളിലാണ് ഇന്നലെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം വന്‍ സംഘര്‍ഷമുണ്ടായതിനാല്‍ സൈന്യം കടുത്ത ജാഗ്രതയിലാണ്. ആയിരത്തോളം പേരാണ് രാത്രി ‘ഗോ ഹോം ഗോട്ട’ മുദ്രാവാക്യവുമായി പ്രസിഡന്റിന്റെ വീടുവളഞ്ഞത്. രംഗം ശാന്തമാക്കാന്‍ പോലിസും പ്രത്യേക ദൗത്യസേനയും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കരസേനയുടെയും നാവികസേനയുടെയും സഹായം തേടിയാണ് നഗരത്തിലെ മിരിഹാനയിലുള്ള പ്രസിഡന്റിന്റെ വസതിക്ക് സുരക്ഷ ഉറപ്പാക്കിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വലയുന്നതിനിടെ 12 മണിക്കൂര്‍ പവര്‍ക്കട്ടു കൂടി ഏര്‍പ്പെടുത്തിയതോടെയാണ് ജനം തെരുവിലിറങ്ങിയത്. ഡീസല്‍ക്ഷാമം കടുത്തതോടെയാണ് പവര്‍ക്കട്ട് ഏര്‍പ്പെടുത്താന്‍ അധികാരികള്‍ തീരുമാനിച്ചത്. മണ്ണെണ്ണ, പാചക വാതകം, മരുന്ന് എന്നിവയ്ക്കും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. നിത്യച്ചെലവുകള്‍ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഭരണകൂടം.
സാമ്പത്തിക അടിയന്തിരാവസ്ഥയിലുള്ള ശ്രീലങ്കയ്ക്ക് ഇന്ത്യ സഹായ വാഗ്ദാനം നല്‍കിയിരുന്നു. ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ സഹായം നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. മരുന്ന് അടക്കമുള്ള സഹായമാണ് ലഭ്യമാക്കുക. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവം മൂലം ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടല്‍.