2017നും 2022നും ഇടയില്‍ 275 കസ്റ്റഡി ബലാത്സംഗ കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍. പോലീസ് ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, സായുധ സേനയിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് പുറമെ ജയിലുകള്‍, റിമാന്‍ഡ് ഹോമുകള്‍, കസ്റ്റഡി സ്ഥലങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ ജീവനക്കാരുമാണ് കേസുകളിലെ പ്രതികള്‍.
ഇത്തരം കേസുകളില്‍ വര്‍ഷങ്ങളായി ക്രമാനുഗതമായ കുറവുണ്ടായിട്ടുണ്ട്. 2017ല്‍ 89 കസ്റ്റഡി ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2018ല്‍ 60, 2019ല്‍ 47, 2020ല്‍ 29, 2021ല്‍ 26, 2022ല്‍ 24 എന്നിങ്ങനെ കുറഞ്ഞു. 92 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ കസ്റ്റഡി ബലാത്സംഗം നടന്നത്. മധ്യപ്രദേശില്‍ 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.