Friday, January 31, 2025

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ചത് നീതിനിഷേധം: ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി യാതൊരു കാരണവശാലും നീതീകരിക്കാനാവില്ലെന്നും അടിയന്തരമായി സ്‌കോളര്‍ഷിപ്പുകള്‍ പഴയതുപോലെ തുടരുവാൻ നടപടിയുണ്ടാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍.

ഭരണരംഗത്തെ കെടുകാര്യസ്ഥതയും ധൂര്‍ത്തും സൃഷ്ടിച്ച പ്രതിസന്ധിക്ക് ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ ബലിയാടാക്കുകയാണ്. രാഷ്ട്രീയ ഭരണനേതൃത്വങ്ങളിലെ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബോധപൂര്‍വ്വം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് കേരളമിന്ന് നേരിടുന്നത്. ഈ നില തുടർന്നാൽ പുതുതലമുറയിലെ മിടുക്കരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവും പ്രതീക്ഷകളും നല്‍കുന്ന സ്‌കോളര്‍ഷിപ്പുകൾ ഭാവിയില്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്ന സാഹചര്യവും തള്ളിക്കളയേണ്ട. വകയിരുത്തിയ 87.63 കോടി രൂപയില്‍ ഇതുവരെ 1.39 ശതമാനം മാത്രമാണ് ന്യൂനപക്ഷ ക്ഷേമ ഡയറക്ട്രേറ്റ് നല്കിയത്. കരിയര്‍ ഗൈഡന്‍സ്, ത്രിവര്‍ഷ ഡിപ്ലോമ കോഴ്‌സ്, നൈപുണ്യപരിശീലനം നേഴ്‌സിംഗ്-പാരാമെഡിക്കല്‍ കോഴ്‌സ് എന്നീയിനങ്ങളിലായി 8.52 കോടി രൂപ വകയിരുത്തിയതില്‍ ഒന്നും നല്‍കിയിട്ടില്ല. 20 കോടി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകളും വഴിയാധാരമായി. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നല്‍കിയിരിക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പു പദ്ധതി തുകകള്‍ സംസ്ഥാനം വകമാറ്റി ചെലവഴിച്ചിട്ടുണ്ടോയെന്ന് അന്വേഷണ വിധേയമാക്കണം. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശമ്പളത്തിനും പെന്‍ഷനുമായി കടമെടുപ്പ് നിരന്തരം തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളോട് കാണിച്ച ക്രൂരനടപടിയില്‍ നിന്ന് പിന്തിരിയണമെന്നും വെട്ടിക്കുറച്ച ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ഉടനടി പുനഃസ്ഥാപിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News